തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ
ഒന്നാം പ്രതി ഷജിത്തിനൊപ്പം കൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായി കരുതുന്ന ഉണ്ണി, അൻസർ എന്നിവരുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ഇരുവരും പിടിയിലായതായി ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഇവർ പൊലീസ് കസ്റ്റഡിയിലുള്ളതായി സൂചനകളുണ്ട്. ഗൂഢാലോചനയുൾപ്പെടെ സംഭവവുമായി നേരിട്ട് ബന്ധമുള്ളയാളാണ് അൻസർ. ഇയാളിൽ നിന്ന് സംഭവത്തെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ ശേഖരിക്കേണ്ടതിനാലാകാം ഇവരുടെ അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. സംഭവത്തിൽ ആകെ 7 പേരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സജീബ് (35), സനൽ (32), സനലിന്റെ സഹോദരി പ്രീജ (30) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.ഗൂഢാലോചനയിലുൾപ്പെടെ സംഭവത്തിൽ
കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷണം
ഊർജ്ജിതമാക്കി. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരടക്കമുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവം നടന്ന തേമ്പാമൂട് മേഖലയിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവങ്ങളെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും.അറസ്റ്റിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനും വിട്ടുകിട്ടാനായി അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കും.
കൊല്ലപ്പെട്ട ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവർക്കൊപ്പം ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സംഘത്തിൽ നിന്ന് പൊലീസ് വിവരശേഖരണം ആരംഭിച്ചു.
2 മാസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റ സംഭവത്തിലെ പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായ ഷജിത്തും അജിത്തും. ഇവർ ജാമ്യത്തിൽ ഇറങ്ങിയത് മുതൽ ആക്രമണ ഭീഷണി ഉണ്ടായിരുന്നുവത്രേ. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് രാത്രി അജിത്തിന്റെ ഓട്ടോയിൽ ഷജിത് പോകുമ്പോൾ ആരോ പിന്തുടർന്നെത്തി വെട്ടാൻ ശ്രമിച്ചു. ഓട്ടോയുടെ പിൻഭാഗത്താണ് വെട്ടു കൊണ്ടത്. ഇതിനു പിന്നിൽ മുഹമ്മദ് ഹഖിന്റെ സംഘമാണെന്ന സംശയമാണ് പ്രത്യാക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു. സംഭവദിവസം ഉച്ചയ്ക്കാണ് ഇതിനായുള്ള പദ്ധതി തയാറാക്കിയത്. അക്രമം നടക്കുമ്പോൾ ഇരു സംഘങ്ങളുടെ കയ്യിലും ആയുധമുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രക്തം പുരണ്ട ഷർട്ടുകൾ
പനവൂർ പഞ്ചായത്തിലെ മീൻനിലം വാർഡിലെ മൊട്ടക്കാവ് തോപ്പ് തോട്ടത്തിൽ രക്തം പുരണ്ട ഷർട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ചോര പുരണ്ട രണ്ട് ഷർട്ടുകൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ പങ്കെടുത്തവർ ഉപയോഗിച്ചവയാണോ എന്ന സംശയത്തിലാണ് ഇവ കസ്‌റ്റഡിയിലെടുത്തത്. തിരുവോണ ദിവസം രാവിലെ പ്രദേശവാസികളിൽചിലർ ഇത് കണ്ടെങ്കിലും ചോരപുരണ്ട ഷർട്ടുകളാണെന്ന് ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാട്ടുകാർ അറിയിച്ച പ്രകാരം നെടുമങ്ങാട് പൊലീസെത്തി ഷർട്ടുകൾ പരിശോധിച്ചു. ഇരു ഷർട്ടുകളുടെയും മുൻഭാഗത്ത് രക്തക്കറ പടർന്നിട്ടുണ്ട്. തിരുവോണത്തലേന്ന് ഇരട്ടക്കൊല നടന്ന വെഞ്ഞാറമൂട് തേമ്പാമ്മൂടും ഈ പ്രദേശവും ഇടറോഡുകളാൽ ബന്ധപ്പെട്ടാണ് കിടക്കുന്നത്.തിരുവോണ ദിവസമാണ് ഇവ കണ്ടെത്തിയതെന്നതും സംശയത്തെ ബലപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ഷർട്ടുകൾ കസ്‌റ്റഡിയിലെടുത്ത് വെഞ്ഞാറമൂട് പൊലീസിന് കൈമാറിയത്.