കൊല്ലം: കൊല്ലം റൂറൽ പൊലീസിന് സുശക്തമായ കമാൻഡിംഗ് സെന്റർ പ്രവർത്തനം തുടങ്ങി. റൂറൽ ജില്ലാ പരിധിയിലെ എല്ലാ നിരീക്ഷണ കാമറകളുടെയും ഏകോപനം ഇനി കമാൻഡിംഗ് സെന്ററിലാണ് നടക്കുക. സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൺട്രോൾ റൂമാണ് കൊട്ടാരക്കരയിലേത്. കൊട്ടാരക്കര സബ് ജയിലിന് സമീപത്തെ പഴയ സർക്കിൾ ഓഫീസിലാണ് ആധുനിക സംവിധാനങ്ങളോടെ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയത്. ഇതുവരെ എസ്.പി ഓഫീസിനോട് ചേർന്ന പഴയ മുസാവരി ബംഗ്ളാവ് കെട്ടിടത്തിൽ തട്ടിക്കൂട്ട് സംവിധാനങ്ങളിലായിരുന്നു കൺട്രോൾ റൂം പ്രവർത്തിച്ചിരുന്നത്. സർക്കിൾ ഇൻസ്പക്ടർ പൊലീസ് സ്റ്റേഷനിലേക്ക് മാറിയതോടെ ട്രാഫിക് സ്റ്റേഷന് വേണ്ടി മാത്രം മാറ്റിയിട്ടിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് കൺട്രോൾ റൂം മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊട്ടാരക്കര പട്ടണത്തിലെ 17 കാമറകൾ, ജില്ലാ അതിർത്തികളിലെ 5 കാമറകൾ, 18 പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് കാമറകൾ എന്നിവയുടെ നിരീക്ഷണം ഇവിടെയാകും. തത്സമയ സംഭവങ്ങൾ അറിയാൻ മൂന്ന് ന്യൂസ് ചാനലുകളും ഇതോടൊപ്പം പ്രവർത്തിക്കും. ഇ.ആർ.എസ്(എമർജൻസി റെസ്പോൺസ് സിസ്റ്റം) വിഭാഗവും ഇവിടെയുണ്ടാകും. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ജി.പി.എസ് വിവരങ്ങൾ ലഭിക്കുംവിധമാണ് ഇതിന്റെ ക്രമീകരണം. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗവും വയർലെസ് വിഭാഗവും ഈ കമാൻഡിംഗ് സെന്ററിലാണ് പ്രവർത്തിക്കുക. സെന്റർ പ്രവർത്തനത്തിന് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. പൊലീസ് സേവനം വേഗത്തിൽ ലഭ്യമാക്കാൻ ഹൈടെക് കമാൻഡിംഗ് സെന്റർ ഉപകരിക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ
അത്യാധുനിക സംവിധാനങ്ങളോടെ തുടങ്ങിയ കൺട്രോൾ റൂം വിത്ത് കമാൻഡിംഗ് സെന്റർ ആയതിനാൽ റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സംവിധാനങ്ങളുമായും പെട്ടെന്ന് ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. എവിടെ നിന്നെങ്കിലും സഹായ അഭ്യർത്ഥന ഉണ്ടായാൽ ഏറ്റവും അടുത്തുള്ള പൊലീസ് സംവിധാനത്തെ അവിടേക്ക് അയക്കാൻ കഴിയും. പൊലീസ് വാഹനങ്ങളുമായും ജി.പി.എസ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാഹിതം ഉണ്ടായാൽ അടിയന്തര സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇടപെടാൻ സാധിക്കും.