തഴവ : തഴവ കുതിരപ്പന്തിയിൽ ബന്ധുവീട്ടിൽ കഴിഞ്ഞുവന്ന സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുതിരപ്പന്തി നെല്ലിമൂട്ടിൽ മുക്കിന് (നേരമ്പോക്ക് മുക്കിന്) സമീപത്തെ വീട്ടിലെത്തിയ പുതുപ്പളളി സ്വദേശിനിയ്ക്കാണ് രോഗം കണ്ടെത്തിയത്. ശസ്ത്രക്രിയയെ തുട‌ർന്ന് പുതുപ്പള്ളിയിലെ വീട്ടിൽ നിന്നും സഹോദരിയുടെ വീട്ടിൽ വിശ്രമത്തിനെത്തിയതായിരുന്നു ഇവർ. കഴിഞ്ഞദിവസം ഒരു ശസ്ത്രക്രിയകൂടി നിശ്ചയിച്ചിരുന്ന ഇവർക്ക് അതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുട‌ർന്ന് ഇവരെ മാവേലിക്കരയിലെ ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ് മെന്റ് സെന്ററിലേക്ക് മാറ്റി. ആശുപത്രിയിൽ കൂട്ടിരിപ്പിനായി ഇവർക്കൊപ്പം പോയ സഹോദരിയെ പുതുപ്പള്ളിയിലെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ശസ്ത്രക്രിയയെ തുട‌ർന്ന് ആഴ്ചകളായി പുതുപ്പള്ളിയിലെ വീട്ടിൽ നിന്നും തഴവയിലെ സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്നു ഇവർ. ബാഹ്യസമ്പർക്കമില്ലാതെ വീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ സഹോദരിയും മക്കളും അടുത്ത ബന്ധുക്കളുമുൾപ്പടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഏഴുപേരെ ഇന്നലെ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ വീട്ടിൽ ഓണാഘോഷത്തിനെത്തിയവരും അയൽവാസികളുമുൾപ്പെടെ നിരവധിപേർ നിരീക്ഷണത്തിലാണ്. തഴവ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജാസ്മിൻ റിഷാദിന്റെ നേതൃത്വത്തിൽ ഡോ. സംഗീത, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാരിയത്ത് എന്നിവർ പരിശോധനകൾക്കും രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. പഞ്ചായത്തംഗങ്ങളായ ബിജു, സലിം അമ്പിത്തറ എന്നിവരും രോഗ പ്രതിരോധ നടപടികൾക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നൽകി.രോഗ വ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെ നടപടികളുമായി പൂർണമായി സഹകരിക്കാൻ വാർഡ് മെമ്പർ ബിജു തഴവ അഭ്യർത്ഥിച്ചു. പഞ്ചായത്തിലെ സാനിട്ടേഷൻ പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ ടീച്ചർക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. തൊടിയൂർ പഞ്ചായത്തിൽ താമസക്കാരായ ഇവരുടെ ഭർത്താവിന് രണ്ട് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ബഡ്സ് സ്കൂൾ ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുന്നതിനാൽ സ്കൂളുമായി ബന്ധപ്പെട്ട് ഇവർക്ക് സമ്പർക്കമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സാനിട്ടേഷൻ പോയിന്റിൽ ഇവർക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.