bike
യൂത്ത് കോൺഗ്രസ് നേതാവിന്റെ ബൈക്ക് കത്തിച്ച നിലയിൽ

 കിളികൊല്ലൂരിലെ വീട്ട് മുറ്റത്തിരുന്ന ബൈക്കാണ് കത്തിച്ചത്

കൊല്ലം: നാല് ദിവസമായി ജില്ലയിൽ തുടരുന്ന കോൺഗ്രസ് - സി.പി.എം സംഘർഷാന്തരീക്ഷത്തിന് അയവില്ല. ഇന്നലെ പുലർച്ചെ യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് മണ്ഡലം കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി കിളികൊല്ലൂർ ഷെഫീക്കിന്റെ ബൈക്ക് അജ്ഞാത സംഘം കത്തിച്ചു. വീടിന് മുന്നിലിരുന്ന ബൈക്ക് കത്തിച്ചതിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർ‌ത്തകരാണെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ്.

സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരെ വിരട്ടി പിന്തിരിപ്പിക്കാമെന്ന സി.പി.എം മോഹം നടക്കില്ലെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു.

കൊടിമരങ്ങളും പാർട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ പ്രാദേശിക തലങ്ങളിൽ ഇപ്പോഴും നിലനിൽക്കുകയാണ്. സംഘർഷ സാധ്യത അവസാനിച്ചിട്ടില്ലെന്ന നിഗമനത്തിൽ കോൺഗ്രസ് ഓഫീസുകൾക്ക് പൊലീസ് കാവൽ തുടരുകയാണ്.

നിരത്തിലെ പ്രകടനങ്ങളുടെ പിൻതുടർച്ചയായി നവമാദ്ധ്യമങ്ങളിലും പോർവിളി തുടങ്ങി. ഇരുവിഭാഗങ്ങളിലെയും സൈബർ പോരാളികൾ നവമാദ്ധ്യമങ്ങളിൽ നടത്തുന്ന വെല്ലുവിളികളും ന്യായീകരണങ്ങളും നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിമാറുമോയെന്ന ആശങ്കയും പൊലീസിനുണ്ട്. കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചവർക്ക് നേരെ ദുർബല വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുക്കുന്നതെന്ന വിമർശനത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.