കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കൊല്ലം ചെമ്മാംമുക്കിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ വൈദ്യുതി പോസ്റ്റുകളുമായി പോവുകയായിരുന്ന കെ.എസ്.ഇ.ബി ലോറി വീണു.
ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു സംഭവം. കപ്പലണ്ടി മുക്ക് മുതൽ കടപ്പാക്കട വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഉടൻ റീ ടാർ ചെയ്യാനിരിക്കുകയാണ്. ടാർ ചെയ്തിട്ട് വീണ്ടും കുത്തിപ്പൊളിച്ച് അനാവശ്യ ചെലവ് ഒഴിവാക്കാൻ ഞാങ്കടവ് പദ്ധതിയുടെ ഈ ഭാഗത്ത് റോഡിന് നടുവിലൂടെയുള്ള പൈപ്പ് ലൈൻ നേരത്തെ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 20ന് പൈപ്പിടീൽ പൂർത്തിയായിരുന്നു. കുഴി മണ്ണിട്ട് നികത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മണ്ണ് താഴ്ന്ന ഭാഗത്താണ് ലോറി കുടുങ്ങിയത്. റിക്കവറി വാനെത്തിച്ചാണ് ലോറി പൊക്കിയെടുത്തത്. ഒരു മണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.
കുഴി രൂപപ്പെട്ട ഭാഗം ഉടൻ മണ്ണിട്ട് നികത്തുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ഉടൻ റീ ടാറിംഗ് നടക്കുന്നതിനാൽ പൂർവ സ്ഥിതിയിലാക്കാനുള്ള പണം അടയ്ക്കാതെയാണ് കുഴിയെടുത്തത്. റീ ടാറിംഗ് നീണ്ടാൽ ഇരുചക്രവാഹനങ്ങളടക്കം കുഴിയിൽ അപകടങ്ങൾ പതിവാകാൻ സാദ്ധ്യതയുണ്ട്.