njan-kadavu
കല്ലടയാറിന്റെ തീരത്ത് ഞാങ്കടവിൽ നിർമ്മിച്ച കിണറും പമ്പ് ഹൗസും (ഫയൽ ചിത്രം)​

 തർക്കം പരിഹരിക്കാൻ മൂന്നംഗ സമിതി

കൊല്ലം: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിന് വൈകാതെ പരിഹാരമാകും. നിർമ്മാണ രീതിയുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയും ജല അതോറിറ്റിയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.

എൻ.ഐ.ടിയിലെയും ഐ.ഐ.ടിയിലെയും പ്രൊഫസർമാരാണ് സമിതിയിലുള്ളത്. സമിതിയുടെ തീരുമാനം അംഗീകരിക്കാമെന്ന് ജല അതോറിറ്റിയും കരാറുകാരനും സമ്മിതിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റി തയ്യാറാക്കിയ പ്ലാന്റിന്റെ രൂപരേഖയ്ക്കെതിരെ നിർമ്മാണ കമ്പനി ഹൈക്കോടതിയിൽ നൽകിയ ഹർ‌ജി ഉടൻ പിൻവലിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, വാട്ടർ അതോറിറ്റി എം.ഡി, അമൃത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പ് ധാരണയുണ്ടായത്.

കല്ലടയാറ്റിലെ ഞാങ്കടവിൽ നിന്ന് എത്തിക്കുന്ന ജലം ശുദ്ധീകരിക്കാൻ വസൂരിച്ചിറയിലാണ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നത്. തർക്കമില്ലായിരുന്നെങ്കിൽ പ്ലാന്റിന്റെ 50 ശതമാനം നിർമ്മാണമെങ്കിലും ഇപ്പോൾ പൂർത്തിയായനെ.

 തർക്കം

വിവിധ നിലകളിലായി ഫിൽട്ടർ യൂണിറ്റ്, 45 ലക്ഷം ലിറ്ററിന്റെ സംഭരണ ടാങ്ക്, ഫിൽട്ടർ ഹൗസ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ലാബ് എന്നിവയടങ്ങിയതാണ് വസൂരിച്ചിറയിൽ നിർമ്മിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റ് സമുച്ചയം. ചതുപ്പ് പ്രദേശമായതിനാൽ 42.5 മീറ്റർ ആഴത്തിൽ പൈൽ ചെയ്ത ശേഷം മുകളിലേക്ക് നിർമ്മാണം നടത്തുന്നതിനുള്ള രൂപരേഖയാണ് നിർവഹണ ഏജൻസിയായ ജല അതോറിറ്റി തയ്യാറാക്കിയത്. ഇതുപ്രകാരം 54 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് ടെണ്ടർ ചെയ്തത്.

എന്നാൽ 43 കോടിക്ക് കരാർ എറ്റെടുത്ത നിർമ്മാണ കമ്പനി 12 മീറ്റർ ആഴത്തിൽ പൈൽ ചെയ്താൽ മതിയെന്ന നിലപാടിലാണ്. കരാറിലെ വ്യവസ്ഥ പ്രകാരം നിർമ്മാണ ഏജൻസിക്കും സ്വന്തമായി സാങ്കേതിക പഠനം നടത്താം. ഈ പഴുത് ഉപയോഗിച്ച് പഠനം നടത്തിയാണ് കൂടുതൽ ആഴത്തിൽ പൈൽ ചെയ്യേണ്ടെന്ന നിലപാടിലേക്ക് കമ്പനി എത്തിയത്. പൈലിംഗിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വാട്ടർ അതോറിറ്റി അറിയിച്ചതോടെ കരാറുകാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 നിർമ്മാണ പുരോഗതി 50 ശതമാനം

01. ഞാങ്കടവിൽ ജലം സംഭരിക്കാനുള്ള കിണർ നിർമ്മാണം പൂർത്തിയായി

02. ഞാങ്കടവിൽ തടയണ, സബ് സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കും

03. ഞാങ്കടവിൽ നിന്ന് വസൂരിച്ചിറയിലേക്കുള്ള 28 കി.മീറ്ററിൽ 22 കി.മീറ്റർ ദൂരത്തിൽ പൈപ്പിട്ടു

04. വസൂരിച്ചിറയിൽ 20 ലക്ഷം ലിറ്ററിന്റെ ടാങ്ക് നിർമ്മാണം 90 ശതമാനമായി

05. മണിച്ചിത്തോട്ടിൽ 54 ലക്ഷം ലിറ്ററിന്റെ ടാങ്ക് നിർമ്മാണം പുരോഗമിക്കുന്നു

 പദ്ധതി ചെലവ്: 313.35 കോടി

 കിഫ്ബി: 235 കോടി

 അമൃത്: 78.35 കോടി