കരുനാഗപ്പള്ളി: ഓണം കഴിഞ്ഞതോടെ കരുനാഗപ്പള്ളിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണം 156 യി വർദ്ധിച്ചു. കരുനാഗപ്പള്ളി നഗരസഭ 49, ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് 80, തൊടിയൂർ 24, കുലശേഖരപുരം 6 എന്നി നിലകളിലാണ് രോഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ കോട്ടയ്ക്ക് പുറം ഭാഗത്ത് ചായക്കട നടത്തുന്ന ആൾ മരിച്ചു. കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്ലെറ്റിൽ എത്തി മദ്യം വാങ്ങിപ്പോയ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ പണി എടുക്കുന്ന കയറ്റിറക്ക് തൊഴിലാളികളിൽ പലർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓണം പ്രമാണിച്ച് ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ അയവ് വരുത്തിയതാണ് രോഗം പടരാൻ കാരണമായതെന്ന ആക്ഷേപം ഉയരുന്നു. ഓണത്തിന് മുമ്പ് വരെ കരുനാഗപ്പള്ളിയിൽ രോഗം നിയന്ത്രണവിധേയമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതോടെ ജനങ്ങൾ സാധനങ്ങൾ വാങ്ങുന്നതിനായി കൂട്ടത്തോടെ കടകളിൽ എത്തിത്തുടങ്ങിയത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കി. ഓണം കഴിഞ്ഞ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർക്കശമാക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു.