ഓയൂർ: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചെന്ന് പറഞ്ഞ ഓയൂർ വെളിനല്ലൂർ സി.ആർ.ഭവനിൽ രവീന്ദ്രന്റെ(63) സ്രവ പരിശോധന ഫലം നെഗറ്റീവ്. അലപ്പുഴ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നെഞ്ച് വേദനയെത്തുടർന്ന് ചികിത്സയിലിരിക്കേ കഴിഞ്ഞ മാസം 25 നാണ് രവീന്ദ്രൻ മരിച്ചത്. അന്ന്ആശുപത്രിയിൽ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കൊവിഡ് പ്രോട്ടോകൾ നടപടി അനുസരിച്ച് മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഇദ്ദേഹത്തിന്റെ താമസസ്ഥലം ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിക്കുകയും പൊലീസ് പ്രദേശത്തെ റോഡുകൾ അടക്കുകയും ചെയ്തു. രവീന്ദ്രന്റെ മരണത്തെത്തുടർന്ന് കുടുംബാംഗങ്ങളിൽ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലവും നെഗറ്റീവായിരുന്നതായി വീട്ടുകാർ പറഞ്ഞു.