cremetorium

കൊല്ലം: കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ കേശവപുരത്ത് നിർമ്മിച്ച ഗ്യാസ് ക്രിമിറ്റോറിയം പ്രവർത്തന സജ്ജമായി. 90.42 ലക്ഷം രൂപ ചെലവഴിച്ചാണ് ക്രിമിറ്റോറിയം പൂർത്തിയാക്കിയത്. പ്രധാനമായും പാചക വാതകം ഉപയോഗിച്ചാണ് ഫർണസ് പ്രവർത്തിക്കുക. ഇതിനായി എട്ട് ഗ്യാസ് സിലിണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തടസത്തെ അതിജീവിക്കുനായി 165 കെ.വി യുടെ ജനറേറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നര മണിക്കൂർകൊണ്ട് മൃതദേഹം സംസ്‌കരിക്കും. മാലിന്യ പ്രശ്‌നങ്ങൾ ഉണ്ടാകാത്ത വിധമാണ് ശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ശ്മശാനത്തോട് അനുബന്ധിച്ച് പ്രാർത്ഥനാ ഹാൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ശുചിത്വമിഷന്റെ മാർഗ നിർദേശങ്ങൾ പാലിച്ചാണ് നിർമാണം. ക്രിമിറ്റോറിയം പ്രവർത്തിപ്പിക്കുന്ന ജീവനക്കാർക്കുള്ള പരിശീലനവും നൽകിയതായി അധികൃതർ അറിയിച്ചു.

നിരക്ക് ഇങ്ങനെ :

നഗരസഭാ പരിധിയിലുള്ള ബി.പി.എൽ വിഭാഗത്തിൽ പെട്ടവർക്ക് 3000 രൂപയും എ .പി .എൽ വിഭാഗത്തിൽ ഉള്ളവരിൽ നിന്ന് 3500 രൂപയും നഗരസഭയ്ക്ക് പുറത്തുള്ളവരിൽ എ .പി .എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ 4000 രൂപയും ഫീസായി ഈടാക്കും. സംസ്ക്കാരത്തോടനുബന്ധിച്ച് നടത്തുന്ന മറ്റ് കർമ്മങ്ങൾക്കും ഇവിടെത്തന്നെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇനി 50 ലക്ഷം കൂടി

ശ്മശാനത്തിന്റെ അനുബന്ധ വികസനത്തിനായി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് നഗരസഭ തുക അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചുറ്റുമതിൽ, ഇന്റർലോക്ക് പാകി തറ വൃത്തിയാക്കൽ, പൂന്തോട്ട നിർമാണം, പരമ്പരാഗത ചുള എന്നിവയെല്ലാം നിർമ്മിക്കും.

സംസ്കാരത്തിനായി മുൻകൂട്ടി അറിയ്ക്കണം :ഫോൺ: 0476 - 2620243, 8606225014.