കൊല്ലം: മാതാപിതാക്കളുമായി മക്കൾ നടത്തിയ വാക്കേറ്റത്തിന് തടസം പിടിക്കാനെത്തിയ വീട്ടുടമയെ വെട്ടിയും വിറക് കൊള്ളികൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളും കൊട്ടാരക്കര പ്ളാപ്പള്ളിയിൽ വാടക വീട്ടിൽ താമസിക്കുന്നവരുമായ വിപിൻദാസ് (23), സജിൻദാസ് (20) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്ളാപ്പള്ളി സ്വദേശി ജോർജ്ജ് കുട്ടിയ്ക്കാണ് (56) പരിക്കേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോർജ്ജ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന യേശുദാസന്റെ മക്കളാണ് പ്രതികൾ. വഴക്കുണ്ടാക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയതായിരുന്നു ജോർജ്ജ് കുട്ടി. കൊലപാതക ശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.