pic

കൊല്ലം: പാവുമ്പയിൽ ബംഗാളി സ്ത്രീയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും കൂട്ടാളികളെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. പാവുമ്പ കൈരളി മുക്ക് വാഴപ്പള്ളി കോളനിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശിനി അഞ്ജലി ലാഹോറിനെയാണ് (45) ചൊവ്വാഴ്ച രാവിലെ 11 മണിയോടെ താമസസ്ഥലത്തെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്.

ഇവരുടെ ഭർത്താവ് സന്തോഷ് സർക്കാരിനെയും (50) ഇവർക്കൊപ്പം താമസിക്കുന്ന ബംഗാളികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച നേരം പുലർന്നത് മുതൽ അഞ്ജലി അനക്കമില്ലാതെ കട്ടിലിൽ കിടക്കുകയായിരുന്നെങ്കിലും പതിനൊന്ന് മണിയോടെയാണ് ഇവർ പരിസരവാസികളെ സംഭവം അറിയിച്ചത്. വിവരമറിഞ്ഞ് കരുനാഗപ്പളളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോ‌ർട്ടത്തിനുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിൽ സ്വാഭാവിക മരണമല്ലെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അഞ്ജലിയുടെ തലയുടെ പിന്നിൽ മുറിവുള്ളതായി സൂചനയുണ്ട്. തൊടിയൂർ സ്വദേശി നടത്തുന്ന ഇഷ്ടികചൂളയിൽ കഴിഞ്ഞ ഒരുവർഷമായി ജോലി

ചെയ്തുവരികയാണ് സന്തോഷ് സർക്കാരെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗൺ കാലത്തും നാട്ടിൽപോകാതെ പാവുമ്പയിൽ കഴിഞ്ഞ ഇവർ ഓണ ദിവസങ്ങളിൽ താമസസ്ഥലത്ത് ആഘോഷം നടത്തിയതിന്റെ ലക്ഷണങ്ങളുണ്ട്. അഞ്ജലിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളി അസി. കമ്മിഷണർ ഗോപകുമാർ, സി.ഐ മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഭർത്താവിനെയും കൂട്ടാളികളെയും ചോദ്യം ചെയ്യുന്നത്.