 
തഴവ : ജനസേവനത്തിനൊപ്പം കൃഷിയിലും നൂറ് മേനി വിജയം കൊയ്യുകയാണ് തഴവ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറായ തഴവ ബിജു. തഴവ വടക്കുംമുറി കിഴക്ക് അശ്വതിയിൽ വീട്ടിൽ അച്ഛൻ എൻ.വി രാജനും അമ്മ ലളിതയ്ക്കുമൊപ്പം വീട്ടുപുരയിടത്തിലും പരിസരത്തെ ഒന്നര ഏക്കറുമുൾപ്പെടെ മൂന്നേക്കറോളം സ്ഥലത്ത് രാപ്പകലില്ലാത്ത അദ്ധ്വാനത്തിലൂടെയാണ് ബിജു പൊന്ന് വിളയിച്ചത്. പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, മീൻ എന്നുവേണ്ട വീട്ടാവശ്യത്തിനുള്ള സർവ്വ സാധനങ്ങളും സ്വന്തം മണ്ണിൽ വിളയിച്ചെടുക്കാമെന്ന് ബിജു തെളിയിച്ച് കഴിഞ്ഞു. പരമ്പരാഗതകർഷകനായിരുന്നു ബിജുവിന്റെ മുത്തച്ഛൻ പരേതനായ നീലകണ്ഠൻ. മുത്തച്ഛന്റെ കൃഷിരീതികൾ കണ്ടുവളർന്നതിലെ കൗതുകമാണ് ബിജുവിനെയും കൃഷിയിലേക്ക് ആകർഷിച്ചത്.
ലോക്ക് ഡൗണിൽ കൃഷിയിറക്കി
മുമ്പും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴവർഗങ്ങളും കൃഷിചെയ്യാറുണ്ടായിരുന്ന ബിജു ലോക്ക് ഡൗൺ ഇടവേളയിലാണ് കൃഷിയിൽ സജീവമായത്. പൊതുപ്രവർത്തനത്തിനും നേരിയ വിശ്രമുണ്ടായ ലോക്ക് ഡൗൺ സമയത്ത് വീടും പരിസരവും ഒന്നാന്തരം കൃഷി ഭൂമിയാക്കി മാറ്റി. പ്രഭാത സവാരിക്ക് ശേഷം തൂമ്പയും മൺവെട്ടിയുമായി മണ്ണിലിറങ്ങുന്ന ബിജുവും അച്ഛനും വൈകുന്നേരമാണ് തിരികെ കയറുക. നടീലിനോ വളപ്രയോഗത്തിനോ പരിചരണത്തിനോ ഒന്നും പരസഹായമുണ്ടായില്ല.
മീൻകൃഷിയുമുണ്ട്
ചീനി, ചേമ്പ് , കാച്ചിൽ, കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, പാവൽ, പയർ, വഴുതന, തക്കാളി, പച്ചമുളക്, വെണ്ട,കോവൽ എന്നിവയുടെയെല്ലാം സമൃദ്ധിയിലാണ് ബിജുവിന്റെ മട്ടുപ്പാവും തോട്ടവും. വീട്ടിലെ സ്ഥലം തികയാതെ വന്നപ്പോൾ തൊട്ടടുത്ത പറമ്പിൽ 110 മൂടോളം വാഴയും ബിജുനട്ടു വളർത്തി. കഴിഞ്ഞ തവണ പ്രളയത്തിലുണ്ടായ കൃഷിനാശത്തിന്റെ പാഠമുൾക്കൊണ്ട് ഇത്തവണ പ്ളാസ്റ്റിക്ക് ചാക്കുകളിൽ മണ്ണ് നിറച്ചാണ് കിഴങ്ങ് വർഗങ്ങൾ പലതും കൃഷിചെയ്തത് . സ്വന്തമായി അദ്ധ്വാനിച്ചും പണം മുടക്കിയുമാണ് കൃഷിയെങ്കിലും വിളവുകൾ വീട്ടാവശ്യത്തിനെടുക്കുന്നതിനൊപ്പം അയൽക്കാർക്കും ബന്ധുക്കൾക്കും തന്നെ കാണാനെത്തുന്നവർക്കും സമ്മാനിക്കുന്നതാണ് ബിജുവിനിഷ്ടം. വീട്ടുവളപ്പിൽ ടാങ്കുകെട്ടി കൈതക്കോര, ആറ്റുവാള, സിലോപ്പിയ തുടങ്ങിയ മീനുകളെയും ബിജു വളർത്തുന്നുണ്ട്. ഇവയ്ക്ക് ഭക്ഷണമായി നൽകാനുള്ള അസോളയും ഗപ്പിയും തോട്ടത്തിലുണ്ട്. വിഷരഹിതമായ ജൈവ പച്ചക്കറികളും ഭക്ഷണ സാധനങ്ങളും സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നതിനൊപ്പം വാർഡിൽ 35ഏക്കർ തരിശ് സ്ഥലം സുഭിക്ഷകേരളം പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീയുടെ സഹായത്തോടെ കൃഷിയിറക്കാനും ബിജുവിനായി. കൃഷി ഓഫീസർ അജ്മിയുടെയും അസിസ്റ്റന്റ് ലതയുടെയും ഉപദേശങ്ങളാണ് തുണ. സജീവ കോൺഗ്രസ് പ്രവർത്തകനായ ബിജു എസ്.എൻ.ഡി.പി യോഗം 189-ാം നമ്പർ വടക്കുംമുറി കിഴക്ക് ശാഖാ യോഗത്തിന്റെ മാനേജിംഗ് കമ്മിറ്റിയംഗം കൂടിയാണ്.