തൊഴിലിടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം
കൊല്ലം: കൊവിഡ് വ്യാപനത്തിനിടെ ലോക്ക് ഡൗൺ ഇളവുകൾ മുതലെടുത്ത് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചത് ആരോഗ്യപ്രവർത്തകരെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു. ലോക്ക് ഡൗണിനെ തുടർന്ന് തൊഴിലില്ലാതെ സ്വദേശത്തേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളാണ് ഓണത്തിരക്കിനിടെ ഒറ്റയ്ക്കും കൂട്ടായും പഴയ തൊഴിൽ മേഖലകളിൽ തിരിച്ചെത്തിയത്.
ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലുമെത്തുന്ന ഇത്തരക്കാരുടെ കൃത്യമായ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയോ തൊഴിൽ വകുപ്പിന്റെയോ പക്കലില്ല. കശുഅണ്ടി ഫാക്ടറികൾ, ഇഷ്ടികക്കളങ്ങൾ, കൺസ്ട്രക്ഷൻ കമ്പനികൾ, ഹോട്ടലുകൾ, ബേക്കറി, പലഹാര നിർമ്മാണ യൂണിറ്റുകൾ, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി നോക്കിയിരുന്ന ഉത്തരേന്ത്യക്കാരും തമിഴ്നാട്, കർണാടക സ്വദേശികളുമാണ് മടങ്ങിവരുന്നത്. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഒളിച്ചും പാത്തും വരുന്നവരും അനവധിയാണ്.
ഇത്തരക്കാർ തൊഴിലിടങ്ങളിൽ സാമൂഹ്യഅകലവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കുന്നില്ല. തൊഴിൽ സ്ഥാപനങ്ങൾക്ക് സമീപമുള്ള താമസ സ്ഥലങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. തീവ്ര രോഗബാധിത മേഖലകളിൽ നിന്ന് എത്തുന്നവർ രോഗഭീതി വർദ്ധിപ്പിക്കുന്ന സാഹചര്യമാണുള്ളത്. തുടക്കത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ലേബർ വകുപ്പും ജോലി സ്ഥലങ്ങളിലും തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തുകയും വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നെങ്കിലും പിന്നീട് അതെല്ലാം നിലച്ചു. കൂടുതൽ തൊഴിൽ സ്ഥാപനങ്ങൾ പ്രവർത്തന ക്ഷമമാകുകയും തൊഴിലാളികളുടെയും ക്യാമ്പുകളുടെയും എണ്ണം പെരുകുകയും ചെയ്തതോടെ കാര്യങ്ങളെല്ലാം തോന്നും പടിയാണിപ്പോൾ.
ക്വാറന്റൈൻ ഇല്ലാതായി
ലോക്ക് ഡൗണിന് ശേഷം പ്രവർത്തനം തുടങ്ങിയ സ്ഥാപനങ്ങളിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ക്വാറന്റൈനിൽ പാർപ്പിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിവേണം ജോലിയിൽ പ്രവേശിപ്പിക്കാൻ. എന്നാൽ രണ്ടാഴ്ചയിലധികം ഭക്ഷണവും പണവും നൽകി ഇവരെ ക്വാറന്റൈനിൽ പാർപ്പിക്കാനോ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാനോ ഭൂരിഭാഗം തൊഴിലുടമകളും മെനക്കെടാറില്ല. നാട്ടിൽ നിന്ന് വരുന്നവരെ ഒന്നോ രണ്ടോ ദിവസം വിശ്രമിക്കാൻ അനുവദിച്ചശേഷം ജോലിക്ക് നിയോഗിക്കുന്നതാണ് നിലവിലെ രീതി.
കൊല്ലത്തെ കാര്യങ്ങളിങ്ങനെ
1. ദിവസവും ജില്ലയിലെത്തുന്നത് നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ
2. ട്രോളിംഗ് നിരോധന ശേഷം ബോട്ടുകളിൽ പണിയെടുക്കാൻ ധാരാളം മത്സ്യത്തൊഴിലാളികളെത്തുന്നു
3. കൊല്ലത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളിലും അന്യസംസ്ഥാ തൊഴിലാളികൾ
4. ഓണത്തിന് ശേഷം രോഗവ്യാപന തോത് ഉയരുന്നു
5. ഉപേക്ഷ വിചാരിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകാവുന്ന അവസ്ഥ
''
ലേബർ ക്യാമ്പുകൾ തദ്ദേശ സ്ഥാപനങ്ങളുടെയും ആശാ വർക്കർമാരുടെയും നേതൃത്വത്തിൽ നിരീക്ഷണത്തിലാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. തൊഴിൽ, തദ്ദേശ ഭരണ വകുപ്പുകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കും.
ഡോ. ആർ. ശ്രീലത
ജില്ലാ മെഡിക്കൽ ഓഫീസർ