കൊല്ലം: നഗരത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ഇന്നലെ നഗരസഭയിൽ ചേർന്ന തീരദേശ കൗൺസിലർമാരുടെയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
തീരദേശ മേഖലയിലെ ദേവാലയങ്ങൾ, റേഷൻ കടകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ട നിയന്ത്രണങ്ങൾ കർശനമാക്കും. കൊവിഡ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ ചന്തകൾ അടച്ചുപൂട്ടും. ക്ലസ്റ്റർ രൂപീകരണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ക്ലസ്റ്ററുകൾ രൂപീകരിച്ചിരുന്നെങ്കിലും ഇടയ്ക്ക് പ്രവർത്തനം അവതാളത്തിലായി.
ക്ളസ്റ്ററുകൾ കർശനമാകും
രൂപീകരണം: കൗൺസിലർമാരുടെ നേതൃത്വത്തിൽ 15 മുതൽ 20 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി
മേൽനോട്ടം: നഗരസഭാതലത്തിൽ പ്രത്യേക മോണിട്ടറിംഗ് കമ്മിറ്റി
ലക്ഷ്യം: തീരദേശത്തെ കുടുംബങ്ങൾ തമ്മിലുള്ള വ്യാപക സമ്പർക്കം ഒഴിവാക്കുക
ക്ലസ്റ്ററുകളിൽ ഉൾപ്പെടുന്ന കുടുംബങ്ങൾ തമ്മിൽ മാത്രം പരാമവധി സമ്പർക്കം അനുവദിക്കും
യാത്രകൾ ഒഴിവാക്കാൻ ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾ വാങ്ങിനൽകും
പരിശോധന വർദ്ധിപ്പിക്കും
തീരദേശ മേഖലയിൽ പരിശോധന വർദ്ധിപ്പിക്കാൻ നഗരസഭ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടും. തീരമേഖലയിൽ കൊവിഡ് നിയന്ത്രണാതീതമായി പടരാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് തീരുമാനം. രോഗബാധിത പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ അണുവിമുക്തമാക്കൽ നടക്കും. നഗരസഭയുടെ തൊഴിലാളികളെ ഉപയോഗിച്ചുള്ള അണുവിമുക്തമാക്കലിന് ആവശ്യമായ കൂടുതൽ ഉപകരണങ്ങൾ വാങ്ങാനും ധാരണയായി.
നിലവിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നഗരത്തിലെ ചന്തകൾ അടക്കമുള്ള സ്ഥലങ്ങളെല്ലാം ദിവസവും പുലർച്ചെ അണുവിമുക്തമാക്കുന്നുണ്ട്. നഗരസഭയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ബോധവത്കരണ അനൗൺസ്മെന്റും വ്യാപകമായി നടന്നുവരുന്നു.