ഹെൽത്ത് സൂപ്പർവൈസറും മേയറും തമ്മിൽ വാട്സ്ആപ്പിൽ ഉടക്ക്
കൊല്ലം: തുമ്പൂർമുഴി മോഡൽ മാലിന്യ പ്ലാന്റിലെ ജീവനക്കാരെ പിരിച്ചുവിടുന്നതിനെ ചൊല്ലി മേയറും നഗരസഭാ ആരോഗ്യവിഭാഗവും തമ്മിൽ തർക്കം കനക്കുന്നു. താത്കാലികമായി തുടരുന്ന 24 ജീവനക്കാരെ പിരിച്ചുവിടാൻ ഹെൽത്ത് സൂപ്പർവൈസർ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി. തൊട്ടുപിന്നാലെ ഇങ്ങനെയൊരു തീരുമാനം നഗരസഭയോ കൗൺസിലോ എടുത്തിട്ടില്ലെന്ന് പറഞ്ഞ് ഇതേ ഗ്രൂപ്പിൽ തന്നെ മേയറും രംഗത്തെത്തി.
പ്ലാന്റിന്റെ പരിപാലന ചുമതലയുള്ള 24 താത്കാലിക ജീവനക്കാരുടെ കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും സി.പി.എം അനുഭാവികളാണ്. അതുകൊണ്ട് തന്നെ ഇവരെ തുടരാൻ അനുവദിക്കണമെന്ന നിലപാടിലായിരുന്നു സി.പി.എം. പക്ഷെ കാലാവധി കഴിഞ്ഞവരെ പിരിച്ചുവിടാൻ ഏപ്രിൽ ആദ്യം സെക്രട്ടറി ഹെൽത്ത് സൂപ്പർവൈസർക്ക് നിർദ്ദേശം നൽകി. ഇതിനെതിരെ കൗൺസിൽ യോഗത്തിൽ സി.പി.എം രംഗത്ത് വന്നെങ്കിലും സെക്രട്ടറിയുടെ തീരുമാനത്തെ മേയർ പിന്തുണച്ചു. പിന്നീട് എൽ.ഡി.എഫിലെ ധാരണ പ്രകാരം മേയർ നിലപാട് മാറ്റിയതോടെ ജീവനക്കാർ ജോലിയിൽ തുടർന്നു. സർക്കാർ അനുവദിച്ച താത്കാലിക തസ്തികയിൽ ഉൾപ്പെടുത്തി ഇവർക്ക് ശമ്പളവും നൽകി.
സർക്കാർ അനുവദിച്ച താത്കാലിക തസ്തികയിൽ തങ്ങളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി മഴക്കാലപൂർവ ശുചീകരണത്തിൽ ഏർപ്പെടുന്നവർ കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് തുമ്പൂർമുഴി പ്ലാന്റിലെ ജീവനക്കാരെ പിരിച്ചുവിടാൻ ഹെൽത്ത് സൂപ്പർവൈസർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്. പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഒപ്പിടാനായി നഗരസഭാ സെക്രട്ടറിക്ക് നൽകുകയും ചെയ്തു. എന്നാൽ മേയർ ഇടപെട്ട് ഹെൽത്ത് സൂപ്പർവൈസറുടെ നീക്കം മരവിപ്പിക്കുകയായിരുന്നു.