photo
തകർന്ന് വീഴുന്ന കായൽ തീര സംരക്ഷണ ഭിത്തി.

കരുനാഗപ്പള്ളി: വർഷങ്ങളായി തകർന്ന് കിടക്കുന്ന കായൽ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന കോഴിക്കോട് പുത്തൻച്ചന്ത - പത്മനാഭൻ ബോട്ട്ജെട്ടി വരെയുള്ള കായൽതീര സംരക്ഷണ ഭിത്തിയാണ് കായലിൽ തകർന്ന് വീഴുന്നത്.

40 വർഷംമുൻപ് നിർമ്മിച്ച കരിങ്കൽ ഭിത്തി

40 വർഷത്തിന് മുമ്പ് ജലസേചന വകുപ്പാണ് ഇവിടെ കരിങ്കൽ ഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കുന്നതിന് തുടക്കം കുറിച്ചത്. 150 മീറ്റർ ദൈർഘ്യം വരുന്നതാണ് കായൽ തീര സംരക്ഷണ ഭിത്തി. ജലഗതാഗതത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കാലത്താണ് തീര സംരക്ഷണത്തിന്റെ ഭാഗമായി കരിങ്കൽ ഭിത്തി നിർമ്മിച്ചത്. എന്നാൽ ഇതിന് ശേഷം ഒരിക്കൽപ്പോലും കരിങ്കൽ ഭിത്തി സംരക്ഷിക്കാനുള്ള നീക്കങ്ങളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

സംരക്ഷണഭിത്തിയുടെ നാശം

നിരന്തരമായി ഉണ്ടാകുന്ന വേലിയേറ്റ വേലിയിറക്കങ്ങളും മത്സ്യബന്ധന യാനങ്ങൾ അമിത വേഗതയിൽ പോകുമ്പോഴുണ്ടാകുന്ന കൂറ്രൻ ഓളങ്ങളും കരിങ്കൽ ഭിത്തിയുടെ ബലക്ഷയത്തിന് കാരണമാകുന്നു. കൂടാതെ കരിങ്കൽ ഭിത്തിയിൽ വളർന്നിറങ്ങിയ ചെറുമരങ്ങളുടെ വേരുകൾ സംരക്ഷണഭിത്തിയുടെ നാശത്തിന് കാരണമാകുന്നു.

കായൽ തീരങ്ങൾ കായലിൽ വീഴും

സംരക്ഷണ ഭിത്തി തകർന്ന് വീഴാൻ തുടങ്ങിയതോടെ തീരങ്ങൾ ഇടിഞ്ഞ് കായലിൽ പതിച്ച് തുടങ്ങി. ഇതുമൂലം കായൽ തീരത്തു താമസിക്കുന്നവരുടെ ഭൂമി നഷ്ടപ്പെട്ടു തുടങ്ങി. ഏക്കർ കണക്കിന് ഭൂമിയാണ് കായലിൽ ഇടിഞ്ഞ് വീണത്. തകർന്ന് വീഴുന്ന തകർങ്കിൽ ഭിത്തി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ ജലസേചന വകുപ്പ് അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഈ നില തുടർന്നാൽ ഏറെ താമസിക്കാതെ കായൽ തീരങ്ങൾ പൂർണ്ണമായും കായലിൽ വീഴുമെന്നാണ് കായൽ തീര നിവാസികൾ ഭയപ്പെടുന്നത്.


ടി.എസ് കനാസിന്റെ തീര സംരക്ഷണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച സംരക്ഷണ ഭിത്തി തകർന്ന് കായലിൽ പതിക്കുകയാണ്. വർഷങ്ങളായി അതു തുടരുന്നു. കരിങ്കൽ ഭിത്തിയുടെ തകർച്ച തടയുന്നതിനാവശ്യമായ നടപടികൾ ഒന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഏക്കർ കണക്കിന് തീരമാണ് ഓരോ ദിവസം കഴിയുമ്പോഴും നഷ്ടമാകുന്നത്. തീരം സംരക്ഷിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം.

എൻ.സുഭാഷ് ബോസ്, ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ