covid1

 ജനങ്ങളുടെ ഉദാസീനതയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നു

കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോൾ വ്യക്തഗത പ്രതിരോധത്തിൽ നിന്ന് ജനങ്ങൾ പിന്നാക്കം പോകുന്നു. മാസ്‌കിന്റെ ഉപയോഗം, സാമൂഹിക അകലം, സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകൽ എന്നിവയെ ഉദാസീനതയോടെയാണ് മഹാഭൂരിപക്ഷവും സമീപിക്കുന്നത്.

പൊലീസിനെ ഭയന്ന് പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും ഉപയോഗം ആരോഗ്യവകുപ്പ് നിർ‌ദേശിക്കുന്ന തരത്തിലല്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജനങ്ങളിലുണ്ടായ ഉദാസീനത രോഗ വ്യാപനത്തിന് ഇടവരുത്തുമോയെന്ന ആശങ്ക ശക്തമാണ്. ഓഫീസുകളിൽ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ നിർദേശിച്ചിരുന്നു. ഓഫീസുകളിൽ സർക്കാർ നിർദേശം പാലിക്കപ്പെടുന്നില്ലെന്ന തിരിച്ചറിവിലാകാം സർക്കാർ ഉദ്യോഗസ്ഥർക്കായി കളക്ടർ പ്രത്യേക നിർദേശം പുറത്തിറക്കിയത്.

വിവാഹ ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവയിൽ പരിധിയില്ലാതെ ആളുകളെ ക്ഷണിച്ച് വരുത്തുന്നുവെന്ന പരാതിയും ജില്ലാ ഭരണകൂടത്തിന്റെ മുന്നിലുണ്ട്. അത് പരിഹരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ചടങ്ങുകൾ മുൻകൂറായി അറിയിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചത്. പൊലീസ് സ്റ്റേഷനിൽ ചടങ്ങുകൾ സംബന്ധിച്ച വിവരം അറിയിക്കാത്തവർക്കെതിരെ കേസെടുക്കും. പൊലീസും ആരോഗ്യ വകുപ്പും നിർദേശിക്കുന്നതിൽ കൂടുതൽ ആളുകളെ ചടങ്ങുകളിൽ പങ്കെടുപ്പിച്ചാൽ ചടങ്ങ് നടത്തുന്നവർ മാത്രമല്ല, പങ്കെടുക്കുന്നവരും പ്രതികളാകുന്ന തരത്തിലാണ് പൊലീസ് നടപടികൾ ആലോചിക്കുന്നത്.

എണ്ണമേറിയാൽ ചികിത്സ എളുപ്പമാകില്ല

കൊവിഡിന്റെ പേരിൽ മറ്റ് രോഗികൾക്ക് ചികിത്സ വൈകിപ്പിക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഏത് അസുഖത്തിന് ചികിത്സ തേടുമ്പോഴും ആശുപത്രികളിൽ നിയന്ത്രണങ്ങൾ ഏറെയാണ്. സ്ഥിതി തുടർന്നാൽ സാധാരണക്കാർ ആശ്രയിച്ചിരുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയും കൊവിഡ് ആശുപത്രി ആയതിന് പിന്നാലെ കൂടുതൽ ആശുപത്രികൾ കൊവിഡ് രോഗികൾക്കായി വിട്ടുനൽകേണ്ടി വരും. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് അവർക്ക് മാത്രമല്ല, എല്ലാ വിഭാഗം രോഗികൾക്കും ചികിത്സാ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ശുചിത്വ ബോധത്തിൽ കുറവ്

കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിൽ ശുചിത്വ കാര്യത്തിൽ ചെലുത്തിയ ഗൗരവം ഇല്ലാതാവുകയാണ്. പുറത്തുപോയി വന്നാൽ കുളിച്ച് വൃത്തിയാകാതെ വീടിനുള്ളിൽ കയറരുതെന്ന ആരോഗ്യ വകുപ്പ് നിർദേശം പാടേ അവഗണിക്കുന്നവരുണ്ട്. രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന ഘട്ടത്തിൽ പ്രതിരോധത്തിൽ ഉണ്ടാകുന്ന ഇത്തരം വീഴ്ചകൾ ഗൗരവമേറിയതാണ്.