guru

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ കൊല്ലം ആസ്ഥാനമായി നിലവിൽ വരുന്ന ഓപ്പൺ സർവകലാശാല പ്രഖ്യാപനത്തെ കൊല്ലത്തുകാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിദ്യയിലൂടെ വളരാൻ ഉപദേശിച്ച ഗുരുവിന് കത്തിച്ചുവയ്ക്കുന്ന നിറദീപമായിരിക്കും സർവകലാശാലയെന്ന് സാംസ്‌കാരിക,​ രാഷ്ട്രീയ,​ സാമൂഹിക നേതാക്കൾ അഭിപ്രായപ്പെടുന്നു.

ശ്രീനാരായണീയരുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഈറ്റില്ലമായ കൊല്ലം തന്നെ സർവകലാശാലയുടെ ആസ്ഥാനമായി തിരഞ്ഞെടുത്തതും പ്രഖ്യാപനത്തിന്റെ മാറ്റുകൂട്ടുകയാണ്.

സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല

ഗാന്ധിജയന്തി ദിനത്തിൽ നിലവിൽ വരുന്ന ഓപ്പൺ സർവകലാശാല കൊല്ലത്ത് എവിടെ തുടങ്ങണമെന്ന് അന്തിമ തീരുമാനമായില്ല. ജില്ലയിലെ സി.പി.എമ്മിന്റെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഉൾപ്പെടെ അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനം. ആദ്യഘട്ടമായി കൊല്ലം എസ്.എൻ വനിതാ കോളേജിന് എതിർവശത്തുള്ള കെട്ടിടം വാടകയ്ക്കെടുത്ത് പ്രവർത്തനം ആരംഭിക്കുന്നത് പരിഗണനയിലാണ്. പൂർണമായും പ്രവർത്തന സജ്ജമാക്കുന്ന മുറയ്ക്ക് സ്ഥിരം കെട്ടിടത്തിലേയ്ക്ക് മാറാനാണ് ആലോചന. എസ്.എൻ ട്രസ്‌റ്റോ, എസ്.എൻ.ഡി.പി യോഗമോ സ്ഥലം നൽകിയാൽ സർവകലാശാല അവിടെ സ്ഥാപിക്കാനിടയുണ്ട്. യോഗം നേതാക്കളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായി അറിയുന്നു.

മൂന്നാമതായി പരിഗണനയിലുള്ളത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടി രൂപ ചെലവിൽ ആശ്രാമത്ത് നിർമ്മാണം നടക്കുന്ന ശ്രീനാരായണ നവോത്ഥാന കേന്ദ്രത്തിന് സമീപമാണ്. കോർപ്പറേഷന്റെ വകയായുള്ള മറ്റുചില സ്ഥലങ്ങളും പരിഗണനയിലുണ്ട്.

വിശദമായ കാമ്പസ് സംവിധാനം

കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ മുഴുവൻ വിദൂരപഠന കേന്ദ്രങ്ങളും ശ്രീനാരായണാ ഓപ്പൺ സർവകലാശാലയിൽ ക്രമീകരിക്കുന്നതിനാൽ വിശദമായ കാമ്പസ് സംവിധാനം വേണമെന്നാണ് സർക്കാരിന് ലഭിച്ച ഉപദേശം. ഇതിനാൽ സ്ഥലസൗകര്യവും ഗതാഗത സൗകര്യങ്ങളും കൂടി പരിഗണിച്ചാകും സ്ഥിരം കാമ്പസ് സ്ഥാപിക്കുന്നതിലെ തീരുമാനം.

ഇവിടത്തെ സർട്ടിഫിക്കറ്റുകൾ മറ്റ് സർവകലാശാലകൾ അംഗീകരിക്കണമെന്ന നിബന്ധന കൂടി ഉള്ളതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളുടെ ഒഴുക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടി പരിഗണിച്ചാവും ആസ്ഥാന മന്ദിരം രൂപകല്പന ചെയ്യുക. ശ്രീനാരായണഗുരു പഠന കേന്ദ്രവും സർവകലാശാലയ്ക്കുള്ളിൽ തന്നെയുണ്ടാവും.

''

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തപോഭൂമിയാണ് കൊല്ലം. ഇവിടെ തന്നെയാണ് ഗുരുവിന് പുണ്യമായ സ്മാരകങ്ങൾ ഉയരേണ്ടത്. പ്രഖ്യാപനത്തിൽ ഏറെ അഭിമാനിക്കുന്നു.

എം. മുകേഷ് എം എൽ.എ

''

വിദ്യകൊണ്ട് പ്രബുദ്ധരാകുകയെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞ ഗുരുദേവന്റെ പേരിൽ ഓപ്പൺ സർവകലാശാല ആരംഭിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ആസ്ഥാനമായ കൊല്ലം സർവകലാശാലയുടെ ആസ്ഥാനമാക്കിയതിലും ഏറെ സന്തോഷമുണ്ട്. വിദ്യാർത്ഥികൾ മുതൽ എല്ലാ വിഭാഗക്കാർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് അറിവ്.

വെള്ളാപ്പള്ളി നടേശൻ,

ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം

''

വിദൂര വിദ്യാഭ്യാസ ഓപ്പൺ സർവകലാശാലയല്ല മറിച്ച് സമ്പൂർണ അന്തർദേശീയ യൂണിവേഴ്‌സിറ്റിയാണ് ശ്രീനാരായണ ഗുരുവിന്റെ പേരിൽ വേണ്ടത്. കേരളത്തിലും ഇന്ത്യയിലും ഗുരുദേവൻ നവോത്ഥാന നായകനും ആത്മീയ ഗുരുവുമാണെങ്കിൽ ലോകത്തിന് അദ്ദേഹം മഹാപണ്ഡിതനാണ്. അപ്പോൾ ലോകത്തിന്റെ കൂടി സർവകലാശാലയാകണം ഗുരുവിന്റെ പേരിലുള്ളത്. ശിവഗിരിയിലെ ബ്രഹ്മവിദ്യാ കേന്ദ്രവുമായി ബന്ധപ്പെടുത്തുകയും സർവകലാശാലയുടെ ആസ്ഥാനം അവിടെയാക്കുകയോ വേണം. ഗുരുവുമായി ബന്ധപ്പെട്ടിട്ടുള്ള ചെമ്പഴന്തി അടക്കമുള്ള സ്ഥലങ്ങൾ സർവകലാശാലയുടെ സ്റ്റഡി സെന്ററുകളുമാക്കാം. അതു വഴി നാടാകെ സർവകലാശാലയ്ക്ക് പഠനകേന്ദ്രങ്ങളുണ്ടാവും.

പ്രൊഫ. ജി.കെ. ശശിധരൻ

മുൻ വൈസ് ചാൻസിലർ, കാലിക്കറ്റ് സർവകലാശാല