shila
ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ നിർവഹിക്കുന്നു. ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ സമീപം

 ജില്ലാ കമ്മിറ്റി ഓഫീസിന് ചിന്നക്കടയിൽ ശിലയിട്ടു

കൊല്ലം: ഇരു മുന്നണികൾക്കും ബദലായി കേരളത്തിൽ ബി.ജെ.പി വളർന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം ചിന്നക്കടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ എല്ലാ തിന്മകളും കൂടുതൽ വീര്യത്തോടെ എൽ.ഡി.എഫ് സർക്കാർ ആവർത്തിക്കുകയാണ്. സ്വർണ കടത്തുകാർക്കും ലഹരി മാഫിയകൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് വഴികാട്ടിയായി മാറി. കേരളത്തിലെ പല എം.എൽ.എമാരും മന്ത്രിമാരും എപ്പോഴാണ് ജയിലിലേക്ക് പോകേണ്ടതെന്ന് ചിന്തിച്ചിരിക്കുകയാണ് ഇപ്പോൾ. സി.പി.എമ്മിന്റെ നേതാക്കളും അവരുടെ ബന്ധുക്കളും കള്ളക്കടത്ത് - ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ്.

കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാനുള്ള ജനസേവാ കേന്ദ്രങ്ങളായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസുകൾ പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം ഉണ്ടാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയായി വിജയം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. ഓഫീസ് നിർമ്മാണത്തിനുള്ള ആദ്യ സംഭാവന സ്വാമി സൗപർണിക വിജേന്ദ്ര പുരി ചടങ്ങിൽ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ആർ.എസ്.എസ് വിഭാഗ് സംഘ ചാലക് ഡോ. പ്രദീപ്, ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ, വയയ്ക്കൽ മധു, വി.എസ്. ജിതിൻ ദേവ്, ബി. ഷൈലജ, രാജിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.