കൊല്ലം: ഓണ വിനോദങ്ങൾക്കായി തുറക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇനിയും ജില്ലയുടെ കിഴക്കൻമേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടിയായില്ല. തെന്മല, ശെന്തുരുണി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ കളക്ടർ അനുമതി നൽകിയില്ല. കൊവിഡിനെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഓണക്കാല വിനോദം ലക്ഷ്യമിട്ട് വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും തെന്മല, ശെന്തുരിണി ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കേന്ദ്രം തുറക്കുന്നതിനെതിരെ റോസ് മല ഭാഗത്ത് നിന്ന് പ്രദേശവാസികൾ പരാതി നൽകിയിരുന്നു. പുറമെ നിന്നും ആളുകൾ എത്തിയാൽ കൊവിഡ് വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്നായിരുന്നു പരാതി.

അനുകൂല ഉത്തരവ് കാത്തിരിക്കുന്നു

എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി ഇക്കോ ടൂറിസത്തിന്റെ പ്രവർത്തനം പഴയനിലയിലേക്ക് എത്തിക്കാമെന്നുകാട്ടി ബന്ധപ്പെട്ട ചുമതലക്കാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പത്തു വയസിനു താഴെയുള്ള കുട്ടികൾക്കും, 65 നു മുകളിൽ പ്രായമുള്ളവർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. സെന്ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. താമസിക്കുന്നതിനും കഫറ്റീരിയയിൽ ഇരുന്നു കഴിക്കുന്നതിനും ആദ്യഘട്ടത്തിൽ വിലക്കുണ്ട്. എന്നാൽ ഭക്ഷണം പാഴ്സലായി ലഭിക്കും. ടിക്കറ്റുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാവുന്നതാണ്. കളക്ടറുടെ അനുകൂല ഉത്തരവ് വരുന്നത് കാത്തിരിക്കയാണ് നിരവധി ജീവനക്കാരും അനുബന്ധ തൊഴിലാളികളും.

വനസൗന്ദര്യക്കാഴ്ചകൾ

ജില്ലയുടെ കിഴക്കൻ മേഖല വന സൗന്ദര്യത്തിന്റെ വേറിട്ട അനുഭൂതി പകരുന്ന പ്രദേശങ്ങളാണ് പാലരുവിയും കുംഭാവുരുട്ടിയും. കുംഭാവുരുട്ടിയിൽ മുമ്പ് ഉരുൾപ്പൊട്ടലുണ്ടായപ്പോൾ അടച്ചിട്ടതാണ്. പിന്നീട് അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്ന രണ്ട് കുട്ടികൾ മരിക്കുകയും ചെയ്തു. ഒറ്റക്കൽ മാൻപാർക്കും തെന്മല ഡാമും അമ്പനാട് എസ്റ്റേറ്റിലെ മഞ്ഞുവീഴ്ചയും തേയിലത്തോട്ടവും ഓറഞ്ച് വിളയുന്ന എസ്റ്റേറ്റുകളുമൊക്കെയായി ഒരുപാട് കാഴ്ചാസൗന്ദര്യങ്ങളുണ്ട്. തെന്മല, ശെന്തുരുണി ഇക്കോ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് സ്വാഭാവികവും അല്ലാത്തതുമായ കൗതുക-സാഹസിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റുകൾക്ക് ഇഷ്ടപ്പെട്ട ഇടമായി ഇവിടമൊക്കെ മാറിയിരുന്നതുമാണ്. തമിഴ് നാട്ടിൽ നിന്ന് വളരെ കൂടുതൽ ആളുകൾ എത്തുമായിരുന്നു. കൊവിഡ് വില്ലനായപ്പോൾ എല്ലാം മുടങ്ങി. പഴയ നിലയിലേക്ക് ടൂറിസം എത്താനും സമയമെടുക്കും.