crime

കൊല്ലം: പാവുമ്പയിൽ ബംഗാളി സ്ത്രീയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പാവുമ്പ കൈരളി മുക്ക് വാഴപ്പള്ളി കോളനിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സന്തോഷ് സർക്കാരിന്റെ ഭാര്യ അഞ്ജലി ലാഹോറാണ് (45) കൊല്ലപ്പെട്ടത്.

അഞ്ജലിയുടെ തലയിലേറ്റ മുറിവും ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി താമസസ്ഥലത്തുണ്ടായ വഴക്കിനിടെ സഹോദരന്റെ മർദ്ദനമേറ്റ് അഞ്ജലി കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അഞ്ജലിയുടെ ഭർത്താവിനെയും സഹോദരനെയും കൂടാതെ ഇവ‌ർക്കൊപ്പം ജോലി നോക്കുന്ന മറ്റ് തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തൊഴിലാളികളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇന്ന് അറസ്റ്റുണ്ടായേക്കും.

പാവുമ്പയിൽ തൊടിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇഷ്ടിക കമ്പനിയിലെ ജീവനക്കാരനായിരുന്നു സന്തോഷ് സർ‌ക്കാർ. ചൊവ്വാഴ്ച നേരം പുലർന്നത് മുതൽ അഞ്ജലി അനക്കമില്ലാതെ കട്ടിലിൽ കിടക്കുകയായിരുന്നെങ്കിലും പതിനൊന്നോടെയാണ് ഇവർ പരിസരവാസികളെ വിവരം അറിയിച്ചത്. ഇത് സംശയത്തിന് ഇടനൽകിയിരുന്നു.

അഞ്ജലിയുടെ സഹോദരനും കുടുംബസഹിതം ഇവർക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി അസി. കമ്മിഷണർ ഗോപകുമാർ, സി.ഐ മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.