കൊല്ലം: നടുറോഡിൽ അരമണിക്കൂറിലേറെ വഴിയാത്രക്കാരെയും നാട്ടുകാരെയും വിറപ്പിച്ച മൂർഖനെ ഒടുവിൽ ഫയർഫോഴ്സെത്തി പിടികൂടി. കൊല്ലം കടപ്പാക്കട പീപ്പിൾസ് നഗറിലെ റോഡിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു മൂർഖന്റെ വിളയാട്ടം.
ഓടയ്ക്ക് മീതെ സ്ളാബുകളിട്ട റോഡിന്റെ മദ്ധ്യത്ത് വഴിയാത്രക്കാരാണ് ആദ്യം മൂർഖനെ കണ്ടത്. ചേരയാകുമെന്ന് കരുതി ഓടിച്ചുവിടാൻ ശ്രമിച്ചപ്പോഴേക്കും പത്തിവിടർത്തിയ മൂർഖൻ ആളുകളെ കൊത്താനാഞ്ഞ് ചീറ്റാൻ തുടങ്ങി. റോഡിൽ നെടുകയും കുറുകെയും ഇഴയുകയും ആളുകൾക്ക് നേരെ ചീറുകയും ചെയ്തതോടെ ഇതുവഴിയുള്ള യാത്ര മുടങ്ങുകയും ആളുകൾ പരിഭ്രാന്തരാകുകയും ചെയ്തു.
സമീപത്തെ വീടുകളിലുള്ളവരും പാമ്പ് വീട്ടിലേക്ക് കടക്കുമെന്ന് കരുതി ഭയചകിതരായി. സംഭവമറിഞ്ഞ് പീപ്പിൾസ് നഗറുകാരും സമീപവാസികളും വഴിയാത്രക്കാരും റോഡിൽ തടിച്ചുകൂടി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൂടുകയും പാമ്പ് ആളുകളെ ആക്രമിക്കുകയും ചെയ്യുമെന്നായതോടെ നാട്ടുകാരിലാരോ വിവരം ഫയർഫോഴ്സിനെ അറിയിച്ചു. കടപ്പാക്കടയിൽ നിന്ന് ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിദേശ നിർമ്മിത പാമ്പ് പിടിത്ത ഉപകരണമായ സ്നേക്ക് കാച്ചറിന്റെ സഹായത്തോടെ മൂർഖനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
കടപ്പാക്കട ഫയർ സ്റ്റേഷനിലെത്തിച്ച മൂർഖനെ വനംവകുപ്പിന് കൈമാറി. എലികൾ ധാരാളമുള്ള പീപ്പിൾസ് നഗറിൽ ഓടയിൽ ഇരതേടി ഇഴജന്തുക്കളെത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തെ ആൾവാസമില്ലാതെ കാടുമൂടിയ പറമ്പുകളും ഇഴജന്തുക്കളുടെ സ്വൈരവിഹാര കേന്ദ്രമാണ്.