കൊല്ലം: പത്തനാപുരം പുന്നല കടശ്ശേരി മുക്കലംപാട് രാഹുലിനെ (17) കാണാതായിട്ട് 17നാൾ. കഴിഞ്ഞ മാസം 19രാത്രി മുതലാണ് പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനം കാത്ത് നിന്ന രാഹുലിനെ കാണാതാകുന്നത്. രാഹുലിന്റെ വീടിരിക്കുന്ന സ്ഥലത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സംശയാസ്പദമായ സ്ഥലങ്ങൾ കുഴിച്ച് നോക്കി പരിശോധന നടത്തുമെന്നും മാതാപിതാക്കൾ, സഹോദരൻ,ബന്ധുക്കൾ,സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ചില ദുരൂഹതകൾ ഉണ്ടെങ്കിലും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പത്തനാപുരം സി.ഐ രാജീവ് പറഞ്ഞു.
വീടിനോട് ചേർന്നുള്ള ഷെഡിലാണ് രാഹുൽ ഉറങ്ങാൻ കിടന്നത്. രാത്രി 9 മണിക്ക് രാഹുൽ ഉറങ്ങുന്നത് സഹോദരൻ കണ്ടിരുന്നു. രാത്രി 10 മണി വരെ മൊബൈൽ ഓൺലൈനിൽ ഉണ്ടായിരുന്നു. കാണാതാകുമ്പോൾ കൈലിമുണ്ട് മാത്രമായിരുന്നു വേഷം. മൊബൈൽ ഫോൺ ഒഴികെ മറ്റൊന്നും കാണാതായിട്ടില്ല. ദൂരെയെങ്ങും പോകാൻ സാദ്ധ്യതയില്ലെന്ന നിഗമനത്തിലാണ് അന്വഷണം നടക്കുന്നത്. വനാതിർത്തിയോട് ചേർന്നാണ് രാഹുലിന്റെ വീട്. മൊബൈലിൽ കാട്ടാനകളുടെ ദൃശ്യം പകർത്തുന്നതും വീഡിയോ ഗെയിം കളിക്കുന്നതും രാഹുലിന്റെ ഹോബിയായിരുന്നു. വന്യമൃഗങ്ങളുടെ അക്രമണത്തിന് ഇരയായോ എന്നായിരുന്നു ആദ്യഘട്ടത്തിൽ നടന്ന തിരച്ചിൽ. ഹെലി കാമറ (ഡ്രോൺ) പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പൊലീസ് - വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതേക സ്ക്വാഡുകളായി തിരിഞ്ഞ് ശാസ്ത്രീയ പരിശോധനയും തിരച്ചിലും തുടരുമെന്ന് പൊലീസ് അറിയിച്ചു. രാഹുലിനായി കാത്തിരിപ്പിലാണ് വീട്ടുകാരും ഗ്രാമവാസികളും.