photo

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരമാകുന്നു. നിർമ്മാണ കമ്പനിയും ജല അതോറിട്ടിയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. എൻ.ഐ.ടിയിലെയും ഐ.ഐ.ടിയിലെയും പ്രൊഫസർമാരാണ് സമിതിയിലുള്ളത്. സമിതിയുടെ തീരുമാനം അംഗീകരിക്കാമെന്ന് ജല അതോറിട്ടിയും കരാറുകാരനും സമ്മിതിച്ചിട്ടുണ്ട്. വാട്ടർ അതോറിട്ടി തയ്യാറാക്കിയ പ്ലാന്റിന്റെ രൂപരേഖയ്ക്കെതിരെ നിർമ്മാണ കമ്പനി ഹൈക്കോടതിയിൽ നൽകിയ ഹർ‌ജി ഉടൻ പിൻവലിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, വാട്ടർ അതോറിട്ടി എം.ഡി, അമൃത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പ് ധാരണയുണ്ടായത്. കല്ലടയാറ്റിലെ പുത്തൂർ ഞാങ്കടവിൽ നിന്ന് എത്തിക്കുന്ന ജലം ശുദ്ധീകരിക്കാൻ വസൂരിച്ചിറയിലാണ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണ ജോലികൾക്ക് നേരത്തെ തുടക്കമിട്ടിരുന്നെങ്കിലും തയ്യാറാക്കിയ പ്ളാനുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായതും പിന്നീട് വിഷയം കോടതിയിൽ എത്തിയതും. വിവിധ നിലകളിലായി ഫിൽട്ടർ യൂണിറ്റ്, 45 ലക്ഷം ലിറ്ററിന്റെ സംഭരണ ടാങ്ക്, ഫിൽട്ടർ ഹൗസ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ലാബ് എന്നിവയടങ്ങിയതാണ് വസൂരിച്ചിറയിൽ നിർമ്മിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റ് സമുച്ചയം. ചതുപ്പ് പ്രദേശമായതിനാൽ 42.5 മീറ്റർ ആഴത്തിൽ പൈൽ ചെയ്ത ശേഷം മുകളിലേക്ക് നിർമ്മാണം നടത്തുന്നതിനുള്ള രൂപരേഖയാണ് നിർവഹണ ഏജൻസിയായ ജല അതോറിറ്റി തയ്യാറാക്കിയത്. ഇതുപ്രകാരം 54 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് ടെണ്ടർ ചെയ്തത്.

എന്നാൽ, 43 കോടിക്ക് കരാർ എറ്റെടുത്ത നിർമ്മാണ കമ്പനി 12 മീറ്റർ ആഴത്തിൽ പൈൽ ചെയ്താൽ മതിയെന്ന നിലപാടിലാണ്. കരാറിലെ വ്യവസ്ഥ പ്രകാരം നിർമ്മാണ ഏജൻസിക്കും സ്വന്തമായി സാങ്കേതിക പഠനം നടത്താം. ഈ പഴുത് ഉപയോഗിച്ച് പഠനം നടത്തിയാണ് കൂടുതൽ ആഴത്തിൽ പൈൽ ചെയ്യേണ്ടെന്ന നിലപാടിലേക്ക് കമ്പനി എത്തിയത്. പൈലിംഗിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വാട്ടർ അതോറിട്ടി അറിയിച്ചതോടെ കരാറുകാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തർക്കമില്ലായിരുന്നെങ്കിൽ പ്ലാന്റിന്റെ 50 ശതമാനം നിർമ്മാണമെങ്കിലും ഇപ്പോൾ പൂർത്തിയാകുമായിരുന്നു.

പൈപ്പിടൽ പുനരാരംഭിക്കുന്നു

കൊവിഡിനെ തുടർന്ന് നിലച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുകയാണ്. ആറ് കിലോമീറ്റർ ദൂരത്തിൽ ഇനി പൈപ്പ് സ്ഥാപിക്കാനുണ്ട്. ദേശീയപാതയിൽ നിന്ന് ഇതിനുള്ള അനുമതി ലഭിക്കുന്നതിന്റെ തടസവും മാറിയിട്ടുണ്ട്. കുണ്ടറ ഇളമ്പള്ളൂർ ഭാഗത്ത് നിന്ന് നീരാഴിക്കൽ ഭാഗത്തേക്ക് ഉടൻ പൈപ്പ് ഇടീൽ തുടങ്ങും. പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണ നിർമ്മിക്കുന്ന ജോലികളും ഉടൻ ആരംഭിക്കും. 25 കോടി രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. കല്ലടയാറിന്റെ തീരത്തെ ഞാങ്കടവിൽ കിണറും പമ്പ് ഹൗസും പൂർത്തിയായിരുന്നു. ഇതിൽ നിന്ന് നൂറ് മീറ്റർ അകലെയാണ് തടയണ നിർമ്മിക്കുക. ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതിരിക്കാനും വെള്ളത്തിന്റെ ലഭ്യത എല്ലാ സീസണിലും തുല്യമായിരിക്കാനുമാണ് തടയണ നിർമ്മിക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. 18 മാസമാണ് നിർമ്മാണ കാലാവധി.

ഞാങ്കടവ് പദ്ധതി

 ആകെ ചെലവ്: 313.35 കോടി

 കിഫ്ബി: 235 കോടി

 അമൃത്: 78.35 കോടി