കൊല്ലം: അരമണിക്കൂറിലേറെ നടുറോഡിൽ യാത്രക്കാരെയും നാട്ടുകാരെയും വിറപ്പിച്ച മൂർഖനെ ഒടുവിൽ ഫയർഫോഴ്സിന്റെ ചാക്കിലായി. കൊല്ലം കടപ്പാക്കട പീപ്പിൾസ് നഗറിലെ റോഡിലായിരുന്നു മൂർഖന്റെ വിളയാട്ടം.
ഓടയ്ക്ക് മീതെ സ്ളാബുകളിട്ട റോഡിന്റെ മദ്ധ്യത്ത് വഴിയാത്രക്കാരാണ് ആദ്യം മൂർഖനെ കണ്ടത്. ചേരയാണെന്ന് കരുതി ഓടിച്ചുവിടാൻ ശ്രമിച്ചപ്പോഴേയ്ക്കും മൂർഖൻ പത്തിവിടർത്തി. കൊത്താനാഞ്ഞ് ചീറ്റാൻ തുടങ്ങി. റോഡിൽ നെടുകയും കുറുകെയും ഇഴയുകയും ആളുകൾക്ക് നേരെ ചീറ്റുകയും ചെയ്തതോടെ നാട്ടുകാർ പരിഭ്രാന്തരായി. തുടർന്നാണ് ഫയർഫോഴ്സിനെ അറിയിച്ചത്. കടപ്പാക്കടയിൽ നിന്ന് ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്നേക്ക് കാച്ചറിന്റെ സഹായത്തോടെ മൂർഖനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
കടപ്പാക്കട ഫയർ സ്റ്റേഷനിലെത്തിച്ച മൂർഖനെ വനംവകുപ്പിന് കൈമാറി.