കൊല്ലം: ആത്മഹത്യയൊന്നിനും ഒരുപരിഹാരമല്ലെങ്കിലും കഴിഞ്ഞകൊല്ലം ഇന്ത്യയിൽ ഏറ്റവുമധികം പേർ ജീവനൊടുക്കിയതിന്റെ കണക്കിൽ ഒന്നാം സ്ഥാനത്താണ് കൊല്ലം ജില്ല. നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2019 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ആത്മഹത്യചെയ്തത് കൊല്ലം ജില്ലയിലാണ്. കുടുംബ പ്രശ്നം മുതൽ പ്രണയപരാജയവും കടവും തൊഴിലില്ലായ്മയും രോഗവും പട്ടിണിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഒരുമുഴം കയറിലും അര ഔൺസ് വിഷത്തിലും പരിഹാരം തേടിയവരാണ് പലരും. ഒരു ലക്ഷത്തിന് 41.2 എന്ന നിലയിലാണ് കൊല്ലത്തെ ആത്മഹത്യാനിരക്ക്. സംസ്ഥാന ശരാശരിയിൽ 24.3 ശതമാനമെന്ന കണക്കിൽ കേരളം അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. 8,556 പേരാണ് 2019 ൽ കേരളത്തിൽ ആത്മഹത്യയിൽ അഭയം തേടിയത്.
പ്രധാന കാരണം ഇതാണ്
കേരളത്തിലെ ആത്മഹത്യകളുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കുടുംബപ്രശ്‌നങ്ങളാണ്. 3,665 കേസുകളാണ് ഈ വിഭാഗത്തിലുള്ളത്. മാനസിക പ്രശ്‌നങ്ങളും മറ്റ് രോഗങ്ങളും കൊണ്ട് 974 പേരാണ് ജീവനൊടുക്കിയത്. മദ്യാസക്തി കൊണ്ട് 792 പേർ മരണത്തിലേക്ക് പോയ്‌മറഞ്ഞപ്പോൾ 259 പേർ കടബാധ്യത കാരണവും 230 പേർ പ്രണയം തകർന്നുമാണ് ജീവിതം അവസാനിപ്പിച്ചത്. തൊഴിലില്ലായ്മ കാരണം ആത്മഹത്യ ചെയ്തവരുടെ എണ്ണം 81 ആണ്. കൊല്ലം ജില്ലയിൽ മാനസിക പ്രശ്‌നങ്ങളെ തുടർന്ന് 130 ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്. കുടുംബ പ്രശ്‌നങ്ങളിൽ 150 ജീവനുകൾ പൊലിഞ്ഞപ്പോൾ രോഗത്താൽ 76 പേരും പ്രണയപരാജയത്താൽ 26 പേരും ജീവിതത്തോട് യാത്രപറഞ്ഞു.
തൃശൂർ രണ്ടാമത്
കേരളത്തിൽ 2018 ൽ 8,237 പേരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് ആത്മഹത്യയിൽ രണ്ടാമത് നിൽക്കുന്നത് തൃശൂരാണ്. കഴിഞ്ഞ വർഷം 405 പേരാണ് തൃശൂരിൽ ആത്മഹത്യ ചെയ്തത്. കടവും ജപ്തിയുമാണ് തൃശൂരിലെ ജീവനൊടുക്കലുകളുടെ പ്രധാന കാരണം.
കൊച്ചിയെ പാഠമാക്കണം
പൊലീസിന് കീഴിൽ ജില്ലാ പൊലീസ് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പേരിന് ഒരു കൗൺസിലിംഗ് സെന്ററുണ്ടെന്നല്ലാതെ മതിയായ ആത്മഹത്യാ പ്രതിരോധ സംവിധാനം സംസ്ഥാനത്തിനില്ലാത്തതാണ് ആത്മഹത്യാ നിരക്ക് വർദ്ധിക്കാൻ കാരണമെന്നാണ് മന:ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കൊല്ലത്തും തിരുവനന്തപുരത്തും ആത്മഹത്യാനിരക്ക് ഏറുന്നത് വർഷങ്ങളായുള്ള പ്രവണതയാണെന്ന് ഇവർ പറയുന്നു. മതിയായ എൻ.ജി.ഒകളും മാനസികാരോഗ്യ കേന്ദ്രങ്ങളും കൂടുതലുള്ളതാണ് കൊച്ചി പോലെയുള്ള വലിയ നഗരത്തിൽ ആത്മഹത്യകൾ കുറയാൻ കാരണമെന്നും ക്ളിനിക്കൽ സൈക്കോളജിസ്റ്റായ ഡോ.ശ്രീകുമാർ പറയുന്നു.
കുട്ടികൾക്ക് 'ചിരി' പരിഹാരമാകണം
മുതിർന്നവരെപ്പോലെ മാനസിക പിരിമുറുക്കങ്ങൾ താങ്ങാനാകാതെ ആത്മഹത്യയിൽ അഭയം തേടുന്നവരിൽ കുട്ടികളും പിന്നിലല്ല. സിനിമയിലേയും ടെലിവിഷൻ സീരിയലുകളിലുമുള്ള രംഗങ്ങൾ അനുകരിച്ചായിരുന്നു കുട്ടികളുടെ ആത്മഹത്യയുടെ തുടക്കമെങ്കിൽ ഇപ്പോൾ വാർത്തപോലുമല്ലാത്ത നിലയിലെത്തി കാര്യങ്ങൾ.
കൊല്ലം ജില്ലയിൽ അഞ്ചാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തത്. മലപ്പുറത്ത് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ട് പേർ ആത്മഹത്യ ചെയ്തു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്ത വിഷമത്തിലാണ് ഒരാൾ ജീവനൊടുക്കിയതെങ്കിൽ മറ്റൊരാളുടെ കാരണം ഇപ്പോഴും വ്യക്തമല്ല. പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് വഴക്കുപറഞ്ഞ കാരണത്താലാണ് കോട്ടയത്ത് മീനച്ചിലാറ്റിൽ ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ആലപ്പുഴയിലും കണ്ണൂരും സമാനമായി കുട്ടികളുടെ ആത്മഹത്യ നടന്നു.
കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ കൂട്ടുകാരോട് ഇടപഴകാൻ സാധിക്കാത്തത് കുട്ടികളുടെ മാനസിക സമ്മർദ്ദത്തിന് കാരണമാകും.
അമ്മ, അച്ഛൻ, കുടുംബാംഗങ്ങൾ എന്നിവർ കുട്ടിയുടെ നന്മ ആഗ്രഹിച്ചാവണം
അവരോട് ഇടപെടേണ്ടത്. കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉൾക്കൊണ്ടാവണം ഇത്. 2019 മാർച്ച് 25ന് ശേഷമുള്ള കണക്കെടുത്തപ്പോൾ 18 വയസിൽ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാൽ ആത്മഹത്യചെയ്തത്. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഫയർഫോഴ്സ് മേധാവിയായ ഡി.ജി.പി ശ്രീലേഖയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി 'ചിരി' എന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അദ്ധ്യയന വർഷം ആരംഭിക്കാത്തതിനാൽ പദ്ധതി ഇതുവരെ തുടങ്ങാനായില്ല.