sahadevan

തൊടിയൂർ: സഹദേവൻ പട്ടശേരിൽ ഫേസ് ബുക്ക് മറിക്കുന്നതിനിടയിൽ ഒരു കൊച്ചുപെൺകുട്ടിയുടെ പാട്ട് കാതിൽ ഉടക്കി. 'തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ്...' ഒന്ന് രണ്ട് വരികൾ പിന്നിട്ടപ്പോൾ അതെവിടെയോ നേരത്തെ കേട്ടതുപോലെ തോന്നി. അല്ല, കേട്ടതല്ല, ആ വരികൾ തന്റെ ഹൃദയത്തിലുണ്ട്. താൻ തന്നെ കുറിച്ച വരികളാണ്.

കല്ലേലിഭാഗം സ്വദേശിയായ സഹദേവൻ വായനാമുറിയിൽ കയറി പുസ്തകങ്ങൾ അരിച്ചുപെറുക്കി. ഏറ്റവും അടിത്തട്ടിൽ നിന്ന് പൊടിപിടിച്ച ഒരു ഡയറി പരതിയെടുത്തു. അതിന്റെ താളുകൾ മറിച്ചു. ആ കൊച്ചുപെൺകുട്ടി പാടിക്കൊണ്ടിരിക്കുന്ന വരികൾ ഡയറിയിൽ തന്റെ കൈപ്പടയാൽ എഴുതിയിരിക്കുന്നു. ഇതിനിടയിൽ ഹന ഫത്തിം പാടി നവമാദ്ധ്യമങ്ങളിൽ വൈറലായ പാട്ടിനെക്കുറിച്ചുള്ള കേരളകൗമുദി വാർത്ത സഹദേവൻ പട്ടശേരിലിന്റെ ഓർമ്മയിലേക്കെത്തി. വാർത്ത വന്ന പത്രത്താളുകൾ അദ്ദേഹം പരതിയെടുത്തു. പത്രത്താളിൽ നിന്ന് സഹദേവൻ ആ പാട്ടുകാരിയെ തിരിച്ചറിഞ്ഞു. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും തൊടിയൂർ മുഴങ്ങോടി മേച്ചിരയ്യത്ത് വീട്ടിൽ നൗഷാമുദീന്റെയും ജസീലയുടെയും മകളുമാണ് ഹന.

ഹന പാടി 'ഹാരീസ്ഹാരി' എന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കൃഷ്ണഭക്തിഗാനം 72 മണിക്കൂറിനുള്ളിൽ 5500 പേർ ഷെയർ ചെയ്യുകയും രണ്ടു ലക്ഷത്തിൽപ്പരംപേർ വീഡിയോ കാണുകയും ചെയ്തിരിക്കുന്നു. സഹദേവൻ മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള തന്റെ ഡയറിയുമായി ഹനയുടെ വീട്ടിലെത്തി. ആ കൊച്ചു പാട്ടുകാരിയെ നെഞ്ചോട് ചേർത്ത് അഭിനന്ദിച്ചു. അപ്പോഴാണ് സഹദേവൻ അറിയുന്നത് തന്റെ വരികൾ ഇതിനേക്കാൾ മുൻപേ പല പ്രമുഖരും പാടിനടക്കുന്നുണ്ടെന്ന്.

മൂന്ന് പതിറ്റാണ്ട് മുൻപാണ് വൈറലായ ഈ ഭക്തിഗാനം സഹദേവൻ പട്ടശേരിൽ എഴുതിയത്. വീടിന് സമീപത്തെ ഒരു കോവിലിലെ പൂജാവേളയിൽ ചൊല്ലുന്നതിന് ഗാനത്തിന്റെ പകർപ്പ് നൽകിയിരുന്നു. അവിടെ നിന്ന് കൈമാറിഞ്ഞായിരിക്കാം തന്റെ വരികൾ പലരിലേക്ക് പ്രചരിച്ചതെന്ന് സഹദേവൻ പറഞ്ഞു. ആദ്യ രണ്ട് വരികളിൽ താൻ എഴുതിയതിൽ നിന്ന് ചെറിയ മാറ്റം വരുത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾ മുൻപ് സഹദേവൻ എഴുതിയ വരികൾ പാടിയിരുന്നതായി പ്രദേശത്തെ പലരും ഓർത്തെടുക്കുന്നു. കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയുടെ ആദ്യകാല പ്രവർത്തകരിൽ പ്രമുഖനാണ് ഇദ്ദേഹം.