ഓച്ചിറ: റസ്റ്റോറന്റിന് ലൈസൻസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ക്ലാപ്പന പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് ബി.ടെക് ബിരുദധാരിയായ യുവാവ് ആരംഭിച്ച റസ്റ്റോറന്റിന് അധികൃതർ ലൈസൻസ് നിഷേധിച്ചത്. തുടർന്ന് ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കെട്ടിടം പുനക്രമീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകാമെന്ന് സമ്മതിച്ചതിനെതുടർന്ന് സമരം അവസാനിപ്പിച്ചു. സമരത്തിന് എൽ.സി സെക്രട്ടറി പി.ജെ കുഞ്ഞിചന്തു, ടി.എൻ വിജയകൃഷ്ണൻ, എം. രാജു, ഹനീഫ രജിത്ത് ഇത്താപ്പി തുടങ്ങിയവർ നേതൃത്വം നൽകി. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതു കൊണ്ടാണ് ലൈസൻസ് നിഷേധിച്ചതെന്നും അപാകതകൾ പരിഹരിക്കുന്നതനുസരിച്ച് ലൈസൻസ് നൽകുമെന്നും സെക്രട്ടറി എ. ഷാനവാസ് അറിയിച്ചു.