veedu
കൂട്ടുകാരിക്കൊരു സ്നേഹവീട്

ഓച്ചിറ: പൊട്ടിപ്പൊളിഞ്ഞ പലകയടിച്ച് അതിന് മുകളിൽ ഷീറ്റ് വിരിച്ച വീഴാറായ ഒരു കൂരയിലാണ് ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയും കുടുംബവും താമസിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ള അനുജത്തി, അപകടത്തിൽപ്പെട്ട് ശാരീരിക അദ്ധ്വാനമുള്ള ജോലിക്ക് പോകാൻ കഴിയാത്ത അച്ഛൻ, അമ്മ, പ്രായമായ മുത്തച്ഛൻ, മുത്തശ്ശി എന്നിങ്ങനെ ആറ് പേരാണ് ഈ കൂരയിൽ കഴിഞ്ഞു കൂടിയിരുന്നത്. സാങ്കേതികമായ കാരണങ്ങളാൽ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി അടച്ചുറപ്പുള്ള ഒരു വീ‌ടെന്ന സ്വപ്നം ഇവർക്ക് നിഷേധിക്കപ്പെട്ടു.ഒടുവിൽ തങ്ങളുടെ കൂട്ടുകാരിയുടെ വീടിന്റെ അവസ്ഥ മനസിലാക്കിയ സഹപാഠികളാണ് കൂട്ടുകാരിക്ക് അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ച് നൽകണമെന്ന നിർദ്ദേശം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷീബ ടീച്ചറുടെ മുന്നിൽ വെക്കുന്നത്. തുടർന്ന് ഷീബ ടീച്ചർ വിദ്യാർത്ഥികളുടെ നിർദ്ദേശം ഏറ്റെടുക്കുകയായിരുന്നു.

ഒത്തൊരുമിച്ചൊരു വീട്

'കൂട്ടുകാരിക്കൊരു വീട്' എന്ന പേരിൽ.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പതിനൊന്ന് മാസക്കാലം കൊണ്ട് എട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് 500 സ്ക്വയർ ഫീറ്റ് വിസ്തീർണം വരുന്ന വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.രക്ഷാകർത്താക്കൾ, അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ, സമൂഹ്യ പ്രവർത്തകർ എന്നിവരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ബുക്ക്, ഡിഷ് വാഷ് എന്നിവയുടെ നിർമ്മാണത്തിൽ കൂടി ലഭിച്ച തുകയും വീട് നിർമ്മാണത്തിനുപയോഗിച്ചു.

നാളെ താക്കോൽ കൈമാറും

നാളെ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങ് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു എെ.എ.എസ് വീടിന്റെ താക്കോൽ കൈമാറും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം ഇക്ബാൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉപഹാരം സമർപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മജീദ് മുഖ്യാതിഥി ആയിരിക്കും. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷീബ പദ്ധതി വിശദീകരണം നടത്തും. സ്കൂൾ മാനേജർ ആർ. രണോജ് സ്വാഗതവും പ്രിൻസിപ്പൽ എസ്. ഷീജ നന്ദിയും പറയും.