കൊല്ലം: ബംഗാളി സ്ത്രീയെ പാവുമ്പയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. പാവുമ്പ കൈരളി മുക്ക് വാഴപ്പള്ളി കോളനിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സന്തോഷ് സർക്കാരിന്റെ ഭാര്യ അഞ്ജലി ലാഹോറാണ് (45) കൊല്ലപ്പെട്ടത്. അഞ്ജലിയുടെ സഹോദരൻ പശ്ചിമ ബംഗാൾ ദക്ഷിണ ദിനാജ്പൂർ മരാറ വില്ലേജിൽ ഷിബു ലാഹോറിനെയാണ് (22) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ തിങ്കളാഴ്ച അഞ്ജലിയും ഭർത്താവ് സന്തോഷ് സർക്കാരും പാവുമ്പയിലെ താമസസ്ഥലത്തിന് അടുത്തുള്ള മറ്രൊരു ഇഷ്ടിക ചൂളയിലെ തൊഴിലാളികളായ നിഖിൽ, ധനഞ്ജയ് എന്നിവരുമായി മദ്യപിച്ചു. മദ്യലഹരിയിൽ ബഹളം കേട്ട് ഷിബു ലാഹോർ സ്ഥലത്തെത്തുമ്പോൾ അഞ്ജലിയെ കൂട്ടുകാരുടെ റൂമിലാണ് കണ്ടത്. പ്രകോപിതനായ ഷിബു മദ്യലഹരിയിലായിരുന്ന അഞ്ജലിയെ തല്ലി. ഭർത്താവ് സന്തോഷിനും മർദ്ദനമേറ്റു.
അവശയായ അഞ്ജലിയെ പിന്നീട് ഷിബുവും സന്തോഷും ചേർന്നെടുത്ത് കട്ടിലിൽ കിടത്തി. മർദ്ദനത്തിൽ തലയ്ക്കും മുഖത്തുമേറ്റ ക്ഷതം തലയ്ക്കുള്ളിൽ രക്തസ്രാവത്തിനിടയാക്കി അഞ്ജലി അബോധാവസ്ഥയിലായി. മദ്യലഹരിയിൽ ബോധം നഷ്ടപ്പെട്ടതാണെന്നായിരുന്നു ഇവർ കരുതിയത്. പിറ്റേന്ന് ഉച്ചയോട് അടുത്തിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് ഇവർ പരിസരവാസികളെ വിവരം അറിയിച്ചത്. തുടർന്ന് ചൊവ്വാഴ്ച പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവത്തെ തുടർന്നുണ്ടായ ഹൃദയസ്തംഭനവുമാണ് മരണകാരണമെന്ന് തെളിഞ്ഞത്. തുടർന്ന് അഞ്ജലിയുടെ ഭർത്താവിനെയും സഹോദരനെയും മറ്റ് തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
തൊടിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇഷ്ടിക കമ്പനിയിലെ ജീവനക്കാരനായിരുന്നു സന്തോഷ് സർക്കാർ. കരുനാഗപ്പള്ളി അസി. കമ്മിഷണർ ഗോപകുമാർ, സി.ഐ മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അഞ്ജലിയുടെ മൃതദേഹം കൊല്ലം നഗരസഭാ ശ്മശാനത്തിൽ സംസ്കരിക്കും.