election

കൊല്ലം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ അമ്പരപ്പ് മാറും മുൻപേ തിരഞ്ഞെടുപ്പ് നേരിടാൻ രാഷ്ടീയകക്ഷികളും ചടുല നീക്കങ്ങളുമായി രംഗത്തിറങ്ങി. കേരളത്തിന്റെ ശ്രദ്ധ ഇനി ചവറയിലും കുട്ടനാട്ടിലുമാണ്. നവംബറിൽ തിരഞ്ഞെടുപ്പ് നടന്നാൽ തന്നെ ഒന്നര മാസത്തോളമേ പ്രചാരണത്തിന് സമയം ലഭിക്കൂ. അതിനാലാണ് മുന്നണികൾ പ്രചാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. യു.ഡി.എഫ് ജില്ലാ യോഗം ഞായറാഴ്ച നടക്കും. തൊട്ടുപിന്നാലെ നിയോജയ മണ്ഡലം യോഗവും വിളിച്ചിട്ടുണ്ട്. ഇടതുമുന്നണിയും ബി.ജെ.പിയും വേഗത്തിൽ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.


ചവറയുടെ ചരിത്രം


 1977 ലാണ് മണ്ഡലം നിലവിൽ വന്നത്

 2016 വരെ ആർ.എസ്.പിയെയും ഇടത് മുന്നണിയെയും പിന്തുണച്ചു

 ആർ.എസ്.പിക്ക് മിന്നും വിജയം നേടിക്കൊടുത്തത് ബേബി ജോൺ

 രാഷ്ട്രീയത്തിനപ്പുറം സാധാരാണക്കാരുമായുള്ള അടുപ്പം വോട്ടായി

 സരസന്റെ പേരിലുണ്ടായ വേട്ടയാടൽ സരസന്റെ തിരിച്ചുവരവോടെ അവസാനിച്ചു

 ഇത് ബേബി ജോണിലെ വിശ്വാസ്യത വർദ്ധിപ്പിച്ചു

 അദ്ദേഹത്തിന്റെ മരണശേഷം മകൻ ഷിബു ബേബിജോണും മണ്ഡലത്തിൽ നിന്ന് വിജയിച്ചു

 2016ൽ ചവറ വിജയൻ പിള്ളയിലൂടെ സീറ്റ് സി.എം.പിക്കും പിന്നീട് സി.പി.എമ്മിനുമായി


ഇക്കുറിയും ഷിബു ബേബി ജോൺ


ചവറ ആർ.എസ്.പി മണ്ഡലമായതിനാൽ ഇക്കുറിയും ഷിബു ബേബി ജോൺ തന്നെയായിരിക്കും സ്ഥാനാർത്ഥി. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ആർ.എസ്.പിയുടെയും യൂ.ഡി.എഫിന്റെയും ലക്ഷ്യം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സലായിട്ടാണ് ചവറ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ കക്ഷികൾ കാണുന്നത്. അഞ്ചുമാസത്തേയ്ക്കുള്ള എം.എൽ.എ ആണെങ്കിലും മത്സരത്തിനും പ്രചാരണത്തിനും കുറവൊന്നുമുണ്ടാവില്ല.

ഇടത് സ്ഥാനാർത്ഥി വിജയൻ പിള്ളയുടെ മകൻ?

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ എൻ. വിജയൻപിള്ളയുടെ മകൻ ഡോ.വി. സുജിത്തിനെ സി.പി.എം പരിഗണിച്ചേക്കും. ഉപതിരഞ്ഞെടുപ്പ് സാദ്ധ്യതകൾ ഉയർന്നത് മുതൽ സി.പി.എം നേതൃത്വത്തിലെ ചർച്ചകളൊക്കെയും സുജിത്തിന് ചുറ്റുമാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിട്ട് പാർട്ടി നേതാക്കൾ മത്സരിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ചവറ ഏരിയാ സെക്രട്ടറി ടി. മനോഹരൻ, ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായ ജി. മുരളീധരൻ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. ടി. മനോഹരന് വേണ്ടി ഒരു വിഭാഗം നടത്തുന്ന നവമാദ്ധ്യമ പ്രചാരണവും ചവറയിൽ ചർച്ചയായിട്ടുണ്ട്.

തീരുമാനിക്കാതെ ബി.ജെ.പി.

ബി.ജെ.പിയും ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് തുടങ്ങി. ഇപ്പോൾ പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി തന്നെയായിരിക്കും അടുത്ത നിയമസഭയിലേയ്ക്കും മത്സരിക്കുക. അതിനാൽ നല്ല സ്ഥാന‌ാർത്ഥിയെ തേടുകയാണ് ബി.ജെ.പി. ജില്ലയിൽ നിന്നുള്ളവരാകും സ്ഥാനാർത്ഥികളെന്നാണ് സൂചന. വനിതയെ പരിഗണിക്കുന്നതായും സൂചനയുണ്ട്.