fish

 ഹാർബറുകൾക്ക് പുറത്ത് നിയമം ലംഘിച്ച് ലേലംവിളി

കൊല്ലം: ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളോട് ചേർന്ന് ഇരുട്ടിന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മത്സ്യക്കച്ചവടം പൊടിപൊടിക്കുന്നു. ആൾക്കൂട്ടം ഒഴിവാക്കാൻ ഹാർബറുകളിൽ ലേലം ഒഴിവാക്കിയിരിക്കുമ്പോൾ നൂറുകണക്കിന് പേർ തടിച്ചുകൂടി ലേലത്തിലൂടെ കച്ചവടം നടത്തുന്നത്. ഹാർബറുകളിലെ കിലോ നിരക്കിലുള്ള കച്ചവടം അട്ടിമറിക്കണമെന്ന ലക്ഷ്യവും പുറത്തെ കച്ചവടത്തിന് പിന്നിലുണ്ട്.

അന്യസംസ്ഥാനങ്ങളിലേക്ക് മത്സ്യം കൊണ്ടുപോകാനെന്ന വ്യാജേനയാണ് ശീതീകരണ സംവിധാനമുള്ള വാനുകൾ സ്ഥലത്ത് തമ്പടിക്കുന്നത്. പുലർച്ചെ മൂന്നാവുമ്പോൾ വാനുകളിൽ നിന്ന് മത്സ്യമിറക്കി ലേലം തുടങ്ങും. ഹാർബറുകളിൽ ഒരുമിച്ച് കയറുന്നതിന് നിയന്ത്രണമുള്ളതിനാൽ കാത്ത് നിൽക്കാൻ സമയമില്ലാത്തവർ വരുത്തൻ മത്സ്യം വാങ്ങി മടങ്ങും. ഹാർബറിലേതിനേക്കാൾ വില കുറവാണ് വരുത്തൻ മത്സ്യത്തിന്. അതുകൊണ്ട് തന്നെ ഹാർബറിൽ നിന്ന് വാങ്ങാതെ കൂടുതൽ കച്ചവടക്കാരും വഴിയോരത്ത് നിന്ന് വാങ്ങിയാണ് മടങ്ങുക.

പൊലീസ് പരിശോധിക്കുമ്പോൾ കോസ്റ്റൽ സ്റ്റേഷനിൽ നിന്ന് മത്സ്യം വാങ്ങാൻ അനുവദിച്ച പാസ് കാണിച്ച് രക്ഷപ്പെടും. വഴിയോര ലേലത്തിന് പിന്നിൽ ഹാർബറുകളിലെ ഒരു വിഭാഗം ലേലക്കാർക്കും ഐസ് ഫാക്ടറി നടത്തിപ്പുകാർക്കും പങ്കുള്ളതായാണ് സൂചന. വഴിവക്കിൽ കുറഞ്ഞ വിലയ്ക്ക് മത്സ്യം ലഭിക്കുമ്പോൾ ഹാർബറിലെ കച്ചവടം പൊളിയും. വില കിട്ടാതെ വരുന്നതോടെ മത്സ്യത്തൊഴിലാളികളെ കിലോ നിരക്കിലുള്ള കച്ചവടത്തിനെതിരെ രംഗത്തിറക്കുകയാണ് ലക്ഷ്യം.

അതിർത്ത് കടന്ന് മത്സ്യലോറികൾ

ജില്ലയിൽ മത്സ്യവിപണനം പൂർണമായും നിരോധിച്ച ശേഷം പുനരാരംഭിച്ചപ്പോൾ അന്യജില്ലകളിൽ നിന്നുള്ള മത്സ്യത്തിന് പോലും നിരോധനമുണ്ടായിരുന്നു. അന്യസംസ്ഥാനങ്ങളിലെ കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നുള്ള മത്സ്യവും കടത്തിവിട്ടിരുന്നില്ല. പക്ഷെ ഇപ്പോൾ യാതൊരു പരിശോധനയും ഇല്ലാതെയാണ് മത്സ്യലോറികൾ അതിർത്തി കടന്നെത്തുന്നത്. ചൂരയും കിളിമീനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായെത്തിയത്. മത്സ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും പരിശോധന നടക്കുന്നില്ല. പരാതികൾ ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഒഴിഞ്ഞുമാറുന്നത്. വൻ ആൾക്കൂട്ടം പതിവായിട്ടും പൊലീസും തിരിഞ്ഞുനോക്കുന്നില്ല.

കൊവിഡ് വ്യാപനത്തിന് സാദ്ധ്യത

മത്സ്യവുമായി എത്തുന്ന ലോറി ഡ്രൈവർമാരുമായുള്ള സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനത്തിനും സാദ്ധ്യതയേറെയാണ്. അന്യസംസ്ഥാന ലോറിക്കാരുമായുള്ള സമ്പർക്കത്തിലൂടെയാണ് നേരത്തെ ശാസ്താംകോട്ടയിലും കിഴക്കൻ മേഖലയിലും മത്സ്യവില്പനക്കാർക്ക് കൊവിഡ് ബാധിച്ചത്. പിന്നീട് ഈ പ്രദേശങ്ങളിൽ വ്യാപകമായി പടരുകയും ചെയ്തു. ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്തെ അന്യസംസ്ഥാന മത്സ്യവിപണന കേന്ദ്രം കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടാഴ്ച മുൻപ് അടച്ചിരുന്നു.