meat
meat

കരുനാഗപ്പള്ളി: എവിടെ നോക്കിയാലും അറവുശാലകൾ?​ ഇതിനൊക്കെ ലൈസൻസുണ്ടോ എന്നുചോദിച്ചാൽ ഇല്ല. കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ കൂൺ മുളച്ച് പൊങ്ങുന്നതുപോലെയാണ് അറവുശാലകളുടെ എണ്ണം പെരുകുന്നത്. നിയമത്തിന്റെ കണ്ണുവെട്ടിച്ചാണ് ഈ അറവുശാലകളുടെയെല്ലാം പ്രവർത്തനം. എന്നാൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മൗനാനുവാദം ഈ അറവുശാലകളെ സഹായിക്കുന്നുണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം. കരുനാഗപ്പള്ളിയിൽ ഒരിടത്തുപോലും നിയമാനുസൃതമായി പ്രവർത്തിക്കുന്ന അറവ് ശാലകൾ ഇല്ല.

നിയമങ്ങൾ മുഖവിലയ്ക്കെടുക്കില്ല

അറവ് ശാലകൾക്ക് ലൈസൻസ് നൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അംഗീകൃത അറവ് ശാലകളിൽ കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ മാംസമാണ് വിൽക്കേണ്ടതെന്നാണ് നിയമം. അറക്കുന്നതിന് ഒരു ദിവസം മുമ്പ് മൃഗത്തെ കശാപ്പ് ശാലക്ക് സമീപമുള്ള ലിറേജിൽ നിരീക്ഷണത്തിന് വിധേയമാക്കണം. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗ ഡോക്ടർ ഇവറ്റകളെ പരിശോധനക്ക് വിധേയമാക്കണം. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിൽ മാത്രമെ മൃഗങ്ങളെ കശാപ്പ് ചെയ്യാൻ പാടുള്ളു. മൃഗങ്ങളെ കശാപ്പ് ചെയ്ത ശേഷവും മാംസം ഡോക്ടർമാർ പരിശോധിക്കണമെന്നാണ് വ്യവസ്ഥ. കശാപ്പ് ചെയ്യപ്പെടുന്ന മൃഗത്തെ പരിശോധിച്ച ശേഷം ഡോക്ടർമാർ അടയാളം രേഖപ്പെടുത്തുന്ന ചെവി പൊതുവായി പ്രദർശിപ്പിക്കണമെന്ന നിയമവും ഇവിടെ പാലിക്കപ്പെടാറില്ല. കശാപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ ഒന്നും ഇറച്ചിക്കച്ചവടക്കാർ മുഖവിലക്ക് എടുക്കാറേയില്ല.

ആൾ താമസമില്ലാത്ത പുരയിടങ്ങളിൽ വെച്ച് കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ മാംസം പരസ്യമായി കെട്ടിതൂക്കിയാണ് ഇപ്പോൾ വില്പന നടത്തുന്നത്. മൃഗളുടെ മാംസം പരസ്യമായി കെട്ടിത്തൂക്കാൻ പാടില്ലെന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുകയാണ്. നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

പ്രതികരിച്ചാൽ ഭീഷണി
വൃത്തി ഹീനമായ ഭൗതിക സാഹചര്യത്തിലാണ് എല്ലാ അറവ് ശാലകളും പ്രവർത്തിക്കുന്നത്. ഓല വെച്ച് മറച്ച ഒരു ഷെഡും ഇറച്ചി അരിയുന്നതിനുള്ള പുളിതടിയുമാണ് ഇവിടങ്ങളിൽ ഉള്ളത്. ഈ കശാപ്പുശാലകൾക്കെതിരെ ശബ്ദം ഉയർത്തുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്നതും വിരളമല്ല. ഇതിനെതിരെ നാട്ടിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരുന്നു.

കരുനാഗപ്പള്ളിയുടെ പരിധിയിൽ ഒരിടത്തും ശാസ്ത്രീയമായ അറവ് ശാലകൾ ഇല്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാംസം വിൽക്കുന്നത്. അസുഖങ്ങൾ പിടിപെടുന്ന മൃഗങ്ങളെയും കശാപ്പ് ചെയ്യാറുണ്ട്. ലൈസൻസുള്ള അറവ് ശാലകളിൽ മാത്രം മൃഗങ്ങളെ അറക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണം. അല്ലാത്തവരുടെ മേൽ നിയമ നടപടി സ്വീകരിക്കണം.

കരുമ്പാലിൽ സദാനന്ദൻ, പൊതു പ്രവർത്തകൻ.