guru

കൊല്ലം: പുതുതായി ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ശ്രീനാരായണ ദർശനവും പാഠ്യവിഷയമാക്കണമെന്ന് കേരള കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് (കോൺസ്നോർ) ഭാരവാഹികളായ ശ്രീനാരായണ മതസംഘം ആചാര്യൻ സ്വാമി സുഖാകാശ സരസ്വതി,​എസ്. സുവർണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശ്രീനാരായണ ദർശനം ഐശ്ചികമായുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പുറമേ ഗവേഷണവും സർവകലാശാലയിൽ ആരംഭിക്കണം. എങ്കിലേ ശ്രീനാരായണ സർവകലാശാല യാഥാർത്ഥ്യമാവുകയുള്ളു. തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീനാരായണ അക്കാദമിയുടെ നേതൃത്വത്തിൽ 2000 മുതൽ ശ്രീനാരായണ ഗുരുദേവന്റെ പേരിൽ സർവകലാശാല ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയാണ്. 2010 നവംബർ 25ന് കേരളത്തിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി കോൺസ്നോർ രൂപീകരിക്കുകയും സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സംഘടന നിവേദനവും നൽകി. പിന്നീട് മാറിമാറി വന്ന പ്രധാനമന്ത്രിമാർക്കും നിവേദനം നൽകി. ഇതിനിടയിൽ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര സർവകലാശാലയ്ക്ക് ഗുരുദേവന്റെ പേരിടുമെന്ന് പറഞ്ഞു. പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർത്ഥ്യമായില്ല. ഗുരുദേവന്റെ പേരിൽ ഓപ്പൺ സർവകലാശാല ആരംഭിക്കാൻ തീരുമാനിച്ച എൽ.ഡി.എഫ് സർക്കാരിന് കെട്ടുറപ്പുണ്ടാകട്ടേയെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പ്രബോധ് എസ്. കണ്ടച്ചിറ,ക്ലാവറ സോമൻ,സുരേഷ് അശോകൻ തുടങ്ങിയവരും പങ്കെടുത്തു.