കൊല്ലം: സർക്കാരിന്റെ അദ്ധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കണ്ണനല്ലൂർ എം.ജി.യു.പി.എസിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു.
അംഗീകാരം കിട്ടാതെ അദ്ധ്യാപിക മരണപ്പെട്ട സാഹചര്യം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുക, അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം വർദ്ധിപ്പിച്ച് തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന 945 സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ അടിയന്തരമായി പ്രഥമാദ്ധ്യാപകരെ നിയമിക്കുക, സർവീസിലുള്ള അദ്ധ്യാപകരെ കെ-ടെറ്റിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
അസോ. ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ. പാപ്പച്ചൻ, കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എൽ. നിസാമുദ്ദീൻ, സംസ്ഥാന സമിതി അംഗങ്ങളായ ബി. ജയചന്ദ്രൻപിള്ള, പരവൂർ സജീബ്, എസ്. ജയ, ടി.എ. സുരേഷ് കുമാർ, എ. ഹാരീസ്, ജില്ലാ സെക്രട്ടറി വെെ. നാസറുദ്ദീൻ, ട്രഷറർ പി.എ. സജിമോൻ, സംസ്ഥാന കൗൺസിലർ സി. സാജൻ, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ശരീഫ് തുടങ്ങിയവർ സംസാരിച്ചു.