കുണ്ടറ: വെള്ളിയാഴ്‌ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് കാണാതായ കുടവട്ടൂർ ഷാജി ഭവനിൽ ഷാജിയെ (60) ചിറ്റുമല ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാജിയുടെ അമ്മ ഗൗരിക്കുട്ടിയുടെ (75) മൃതദേഹവും ചിറ്റുമല തോട്ടിൽ നിന്നാണ് രണ്ടുമാസം മുമ്പ് കണ്ടെത്തിയത്. ഷാജിയെ പോലെ തന്നെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു ഗൗരിക്കുട്ടിയും. ഇന്നലെ രാവിലെയും ഷാജി തിരികെയെത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. ഏതാണ്ട് ഇതേസമയം തന്നെ രാവിലെ ഒൻപതിന് ചിറ്റുമല ചിറയിൽ നാട്ടുകാർ ഷാജിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കിഴക്കേ കല്ലട പൊലീസിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ ആശുപത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊവിഡ് പരിശോധന നടത്തിയതിന് ശേഷമേ പോസ്റ്റ് മോർട്ടം നടത്തുകയുള്ളൂ.
ഗൗരിക്കുട്ടി അമ്മയുടെ മൃതദേഹ പരിശോധനയിൽ അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ബന്ധുക്കൾക്കും അസുഖം കണ്ടെത്തി. ഇവരുമായി അടുത്തിടപഴകിയ പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ പിന്നീട് നിരീക്ഷണത്തിൽ പോയിരുന്നു.