vellam
ലക്ഷ്യം കാണാതെ പോയ കുപ്പിവെള്ളപദ്ധതി

പത്തനാപുരം:ലക്ഷങ്ങൾ മുടക്കി കാനനമദ്ധ്യത്തിൽ നിർമ്മിച്ച പദ്ധതി ലക്ഷ്യം കാണാതെ പോയേക്കും.പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ കടമ്പളേറെയാണെന്ന് വനംവകുപ്പ്.അതെല്ലാം മറികടന്ന് അനുമതി ലഭിക്കുക അസാദ്ധ്യമാണെന്ന് മന്ത്രി കെ.രാജു പറയുന്നു.വനംവകുപ്പിന്റെ സ്ഥലത്തെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്ന പുതിയ നിയമം ശബരി കുപ്പിവെള്ള പദ്ധതിയ്ക്ക് വിലങ്ങുതടിയാകുന്നത്.ഇതോടെ കെട്ടിട നിർമ്മാണത്തിനടക്കം മുടക്കിയ അറുപത് ലക്ഷം രൂപ നഷ്ടമാകും.

മന്ത്രി മാറിയപ്പോൾ പദ്ധതിയ്ക്ക് താഴ് വീണു

പിറവന്തൂർ പഞ്ചായത്തിലെ കടശ്ശേരിയിൽ വനം വകുപ്പിന്റെ സ്ഥലത്താണ് ശബരി കുപ്പിവെള്ളപദ്ധതി ആരംഭിച്ചത്. കെ . ബി ഗണേഷ്‌കുമാറാണ് മന്ത്രിയായിരിക്കെ ഒരു കുപ്പി വെള്ളത്തിന് 10 രൂപ നിരക്കിൽ ശുദ്ധമായ കുടിവെളളം ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചത്.ഒരു കോടി രൂപ വകയിരുത്തി 2012 ഒക്ടോബർ 27 ന് തറക്കല്ലിട്ട പദ്ധതിയുടെ കെട്ടിട നിർമ്മാണവും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും ഒന്നര വർഷത്തിനിടെ പൂർത്തിയായി. 60 ലക്ഷത്തോളം രൂപ ഇതിനായി വിനിയോഗിച്ചു.തുടർന്ന് യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനായി നടപടികൾ ആരംഭിക്കുന്നതിനിടെ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം പോയതോടെ പദ്ധതിക്ക് താഴ് വീണു. പിന്നീട് തുടർനടപടികളുണ്ടാവാതെ വന്നതോടെ പദ്ധതി മുടങ്ങി.

കേന്ദ്ര വനം പരിസ്ഥിതി നിയമം തിരിച്ചടിയായി

ലക്ഷങ്ങൾ ചെലവഴിച്ച് പണിപൂർത്തിയായ കെട്ടിടവും കുളങ്ങളും ഇപ്പോൾ കാടുമൂടിയ നിലയിലാണ്.അടുത്തിടെ വന്ന കേന്ദ്ര വനം പരിസ്ഥിതി നിയമമാണ് ഇപ്പോൾ പദ്ധതിക്ക് തിരിച്ചടിയാകുന്നത്. വനം വികസന കോർപ്പറേഷന് വ്യവസായ സംരംഭങ്ങൾ തുടങ്ങുവാൻ സാധിക്കില്ലെന്നും ഇത് വനം വികസന കോർപ്പറേഷന്റെ ഉദ്ദേശങ്ങൾക്ക് വിരുദ്ധമാകുമെന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തൽ.ഇത് മറികടക്കുവാനും പദ്ധതി മുടങ്ങി പണം നഷ്ടമാകാതെ ഇരിക്കുന്നതിനും വന്യജീവി വകുപ്പിന് കൈമാറണമെന്ന ഉന്നതതല നിർദ്ദേശം ഉണ്ടായെങ്കിലും അതിനും വകുപ്പ് തുടർ നടപടികളെടുക്കുന്നില്ല.രണ്ട് വർഷം മുൻപ് വനം മന്ത്രി രാജു സ്ഥലം സന്ദർശിച്ച് ഉടൻ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.കുളങ്ങളും കെട്ടിട നിർമാണവും പൂർത്തിയായ പദ്ധതിക്ക് മെഷീനറികൾ കൂടി ഇറക്കുമതി ചെയ്താൽ നല്ല ലാഭത്തിൽ പ്രവർത്തിക്കാമെന്നിരിക്കെയാണ് തുടർനടപടികളെടുക്കാതെ ആറ് വർഷത്തോളം നീണ്ട് പോയത്.

ഫലം കാണാതെ സ്വപ്ന പദ്ധതി

കുപ്പിവെളള വിൽപ്പന കുത്തകയാക്കിയ ചില വൻകിട കമ്പനികളിൽ നിന്നും പദ്ധതിക്ക് എതിർപ്പുണ്ടായതിനാലാണ് തുടർനടപടികൾ എടുക്കാത്തതെന്നാണ് ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇതോടെ മലയോരമേഖലയുടെ സ്വപ്ന പദ്ധതി ഫലം കാണാതെ പോകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.