പുനലൂർ: കാളപൂട്ടും ഞാറുനടീലുമായി പുതു തലമുറയ്ക്ക് പഴയ അറിവുകൾ നൽകുകയാണ് പ്രവാസികളായ സഹോദരങ്ങൾ. പുനലൂർ നഗരസഭയിലെ താമരപ്പള്ളി വാർഡിൽ പാറയിൽ വീട്ടിൽ സഹോദരങ്ങളായ ഷിബു, ഷിജു എന്നിവരാണ് കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ വീടിനോടു ചേർന്ന് റബറും ആഞ്ഞിലി മരങ്ങളുമടങ്ങിയ മുപ്പത് സെന്റ് കര ഭൂമി ഹിറ്റാച്ചി ഉപയോഗിച്ച് നിലമാക്കിയാണ് സഹോദരങ്ങൾ നെൽകൃഷി ആരംഭിച്ചത്. ഉഴുതു മറിച്ചു പരുവപ്പെടുത്തിയ ചേറ്റു നിലത്തിൽ മരം കെട്ടിയ കാളക്കൂറ്റന്മാർ കുതിച്ചു പാഞ്ഞപ്പോൾ ആർപ്പുവിളികളുമായി സമീപവാസികളായ കുട്ടികളുമെത്തി.
ലോക്ക് ഡൗൺകാലം കൃഷിക്കാലമാക്കി
പരമ്പരാഗത നെൽ കൃഷിയും തനിമയും നിലനിർത്തിക്കൊണ്ടാണ് ആധുനിക രീതിയിൽ അത്യുത്പ്പാദന ശേഷിയുള്ള നെൽ കൃഷി ആരംഭിച്ചത്. ആലപ്പുഴയിൽ നിന്നും എത്തിച്ച അത്യുത്പാദനശേഷിയുള്ള ചേറാടി ഇനത്തിൽപ്പെട്ട ഞാറുകളാണ് ഉഴുത് മറിച്ച നിലത്തിൽ നട്ടത്. 35 വർഷമായി പിതാവിനൊപ്പം നൈജീരിയായിൽ ബിസിനസ് നടത്തി വരികയാണ് യുവ കർഷകരായ സഹോദരങ്ങൾ. ജന്മ നാട്ടിലെത്തിയ ശേഷം ലോക്ക് ഡൗണിനെ തുടർന്ന് മടങ്ങി പോകാൻ കഴിയാതെ വന്ന സഹോദരങ്ങൾ കൃഷിയിറക്കാൻ തീരുമാനിച്ചു. കഴിഞ്ഞ രണ്ടു വർഷമായി കറവൂരിലെ വനത്തോട് ചേർന്നുള്ള നാലേക്കർ ഭൂമിയിൽ, വന്യമൃഗങ്ങളെ തുരത്താൻ സോളാർ വേലി സ്ഥാപിച്ചും, സി.സി.ടി.വി. കാമറ വച്ചും കൃഷി വകുപ്പിനെയും. പഞ്ചായത്തിനെയും സഹായത്തോടെ വിവിധ കൃഷികളും കുടുംബാംഗങ്ങൾ നടത്തുന്നുണ്ട്. കപ്പ, ചേന, കാച്ചിൽ, ചേമ്പ് ,കിഴങ്ങ്, കുരുമുളക് ,പച്ചക്കറികൾ തുടങ്ങിയ കൃഷികളാണ്ചെയ്ത് വിളവെടുക്കുന്നത്. ആ ആത്മവിശ്വാസത്തിലാണ് സഹോദരങ്ങളെ വീടിനോടു ചേർന്നു നെൽകൃഷി ആരംഭിക്കാൻ പ്രേരിപ്പിച്ചത്.കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഞാറു നടിൽ ഉദ്ഘാടനം ചെയ്തു.സി.പി എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി എസ്.എൻ.രാജേഷ്, പ്രസിഡന്റ് ടി.അൻസാർ ,ജിജി കെ.ബാബു, തുടങ്ങിയവർ നാട്ടുകാർക്കൊപ്പം ഞാറ് നടിലിൽ പങ്കെടുത്തു.