തഴവ : തഴവയിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനും ആരോഗ്യപ്രവർത്തകയ്ക്കും വസ്ത്രവ്യാപാരിക്കും കൊവിഡ്. വസ്ത്രവ്യാപാരിയുടെ വിപുലമായ സമ്പർക്കപട്ടിക ആരോഗ്യപ്രവർത്തകരെയും നാട്ടുകാരെയും ഭീതിയിലാക്കി. തഴവ പഞ്ചായത്തിലെ ഓഫീസ് ജീവനക്കാരനായ മുല്ലശേരി വാർഡ് സ്വദേശി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരിയായ മണപ്പള്ളി സ്വദേശിനി, കടത്തൂർ സ്വദേശിയായ വസ്ത്രവ്യാപാരി എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ തഴവ പഞ്ചായത്തിലെ ഒരു ജീവനക്കാരിയുടെ മക്കൾക്കും രോഗം റിപ്പോർട്ട് ചെയ്തു. തൊടിയൂർ സ്വദേശിനിയായ ഇവരുടെ ഭർത്താവിന് രണ്ട് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ജീവനക്കാരിയ്ക്ക് രോഗബാധയില്ല.

വസ്ത്രവ്യാപാരിയുടെ സമ്പർക്കപട്ടിക വിപുലം

ടത്തൂരിലെ വസ്ത്രവ്യാപാരിയുടെ സമ്പർക്കപട്ടിക വിപുലമായത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ധാരാളം പേർ ഇയാളുടെ സ്ഥാപനത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയിരുന്നു. തഴവ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ, ചുമട്ട് തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രിയോടെ വസ്ത്രവ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. കടയിലെ ജീവനക്കാരെയടക്കം പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഇയാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ കടയിൽ ഓണക്കാലത്ത് തുണിവാങ്ങാൻ വന്നവരെല്ലാം ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അഭ്യ‌ർത്ഥിച്ചു.കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടമാക്കാതിരുന്ന ഇയാളുടെ സ്ഥാപനത്തിൽ വന്നുപോയവരുടെ പേരും ഫോൺനമ്പരും ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ വീട്ടുകാരും അയൽവാസികളും നിരീക്ഷണത്തിൽ

കൊവിഡ് ബാധിച്ച ബഡ്സ് സ്കൂൾ ജീവനക്കാരിയുടെ സമ്പർക്കത്തെ തുട‌ർന്ന് രണ്ട് ദിവസമായി അടച്ചിട്ടിരിക്കുന്ന പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്റെ രോഗബാധയെ തുടർന്ന് ഇന്നലെ വീണ്ടും അണുവിമുക്തമാക്കി. ഓഫീസ് ജീവനക്കാരെല്ലാം ക്വാറന്റൈൻ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. പഞ്ചായത്ത് ഓഫീസിൽ സാനിട്ടേഷൻ പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബഡ്സ് സ്കൂൾ അദ്ധ്യാപികയുടെ സമ്പർക്കമാകാം പഞ്ചായത്ത് ജീവനക്കാരന്റെ രോഗത്തിന്റെ ഉറവിടമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന.പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ വീട്ടുകാരും അയൽവാസികളും സുഹൃത്തുക്കളുമുൾപ്പെടെ അമ്പതോളം പേരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.