drunken-driving

 നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും പൊലീസ് നടപടിയില്ല

കൊല്ലം: സർക്കാർ വാഹനവുമായി മദ്യലഹരിയിൽ നഗരത്തിലൂടെ ഡ്രൈവർ നടത്തിയ വേഗപാച്ചിലിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു ലഹരി മൂത്ത് സർക്കാർ വാഹനവുമായി ഡ്രൈവർ തിരക്കേറിയ നഗരവഴികളിൽ അപകടം സൃഷ്ടിച്ചത്.

ചിന്നക്കടയിൽ രണ്ടോ മൂന്നോ വാഹനങ്ങളിലും വഴിയോരത്തെ പോസ്റ്റുകളിലും ഇടിച്ച ശേഷം അമിത വേഗതയിൽ ബീച്ച് റോഡിലൂടെ പാഞ്ഞ കാറിന്റെ മുന്നിലും പിന്നിലും 'കേരള സർക്കാർ ' എന്ന ചുവന്ന ബോർ‌ഡ് പതിച്ചിരുന്നതായി യാത്രക്കാരും നാട്ടുകാരും പറയുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം ഏതാണ്ട് പൂർണമായും തകർന്നിരുന്നു. ബീച്ച് റോഡിൽ വച്ച് ടയർ പഞ്ചറായതോടെ മുന്നോട്ട് പോകാൻ കഴിയാതിരുന്ന വാഹനം കാഷ്യു കോർപറേഷൻ ആസ്ഥാനത്തിന് സമീപം തനിയെ നിന്നു. സർക്കാർ വാഹനത്തിന്റെ അപകട യാത്ര കണ്ട് നിരവധി വാഹനങ്ങൾ പിന്തുടർന്നെത്തിയിരുന്നു. എന്നാൽ സർക്കാരിൽ ഉന്നത പദവി വഹിക്കുന്ന രാഷ്ട്രീയ നേതാവിന്റെ ഔദ്യോഗിക വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മറ്റുള്ളവരെയല്ലാം ഇവിടെ നിന്ന് പിന്തിരിപ്പിച്ചു.

പിന്നാലെ സമീപത്തെ കശുഅണ്ടി വ്യവസായിയുടെ വീട്ടിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ വാഹനം തള്ളിക്കയറ്റി. വാഹനത്തിന്റെ നമ്പർ പ്ലേറ്റും കേരള സർക്കാർ എന്ന് എഴുതിയിരുന്ന ചുവന്ന ബോർഡും പൊലീസ് ഉദ്യോഗസ്ഥർ ഇളക്കിമാറ്റി കൊണ്ടുപോയി. മുഖത്ത് സാരമായി പരിക്കേറ്റ ഡ്രൈവറെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എവിടെയാണെന്ന് വ്യക്തമല്ല. നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപകടയാത്രയിൽ രാത്രി വൈകിയും കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.