ജില്ലയിലെ ആദ്യ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പൂർണസജ്ജം
കൊല്ലം: ജില്ലയിലെ ആദ്യ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷന്റെ നിർമ്മാണം കെ.എസ്.ഇ.ബിയുടെ കൊല്ലം ഓലയിൽ സെക്ഷൻ ഓഫീസ് പരിസരത്ത് പൂർത്തിയായി. ഔദ്യോഗിക അനുമതി ലഭിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഇവിടെ നിന്ന് വൈദ്യുതി നിറച്ച് വാഹനങ്ങൾക്ക് നിരത്തിൽ കുതിക്കാം. 80 കിലോ വാട്ട് ശേഷിയുള്ള ഓലയിലെ ചാർജിംഗ് സ്റ്റേഷനിൽ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാം. ഏകദേശം 30 ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാർജിംഗ് സ്റ്റേഷനിലുള്ളത്. സ്കൂട്ടറുകൾക്ക് 20 കിലോവാട്ടിന്റെയും കാറുകൾക്ക് 60 കിലോവാട്ടിന്റെയും യൂണിറ്റുകളിൽ നിന്ന് വൈദ്യുതി നിറയ്ക്കാം. വൈദ്യുതി യൂണിറ്റ് നിരക്ക് സംബന്ധിച്ച് അന്തിമതീരുമാനമായില്ല.
കരുനാഗപ്പള്ളി സബ് സ്റ്റേഷൻ പരിസരത്താണ് ജില്ലയിലെ രണ്ടാമത്തെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ ഉയരുന്നത്. ഇതിന്റെ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ആറ് ജില്ലകളിൽ ആദ്യ ഘട്ടത്തിൽ കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്ത് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങുകയെന്ന നയത്തിന്റെ ഭാഗമായാണ് കൊല്ലത്ത് സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കിയത്.
കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ
ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഇരുപതിലേറെ സ്ഥലങ്ങളാണ് കൊല്ലത്ത് പ്രാഥമികമായി കെ.എസ്.ഇ.ബി പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിൽ സ്വന്തം സ്ഥലത്താണ് നിർമ്മാണം. സ്വകാര്യ വ്യക്തികൾ സ്ഥലം പാട്ടത്തിന് വിട്ട് നൽകിയാൽ അവിടെയും സ്റ്റേഷൻ നിർമ്മിക്കും. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്റ്റേഷൻ പ്രവർത്തിപ്പിക്കാനുള്ള അവസരവും നൽകും. ആവശ്യമായ ഇന്ധനവും സഹായവും കെ.എസ്.ഇ.ബി നൽകും. നാല് കിലോമീറ്റർ ചുറ്റളവിൽ ഒരു ചാർജിംഗ് സ്റ്റേഷൻ എന്ന തരത്തിലാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
ഇ - വഴിയിലെ കരുതൽ ഇങ്ങനെ
1. സ്വീകാര്യത വർദ്ധിച്ചതോടെ കൂടുതൽ ഇ - വാഹനങ്ങൾ നിരത്തിലേക്ക്
2. പെട്രോൾ - ഡീസൽ വാഹനങ്ങളേക്കാൾ കുറഞ്ഞ ചെലവ്
3. പരിസ്ഥിതി മലിനീകരണ തോത് കുറയും
4. 2022 ഓടെ സംസ്ഥാനത്ത് പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി
5. ഇന്ധനം നിറയ്ക്കാൻ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ അനിവാര്യം
പ്രത്യേകതകൾ
സാമ്പത്തിക ലാഭം
മലിനീകരണം കുറവ്
പരിസ്ഥിതി സൗഹൃദം
ശബ്ദരഹിതം
ചാർജിംഗ് പൂർത്തിയാകാൻ: 30 - 45 മിനിട്ട്
40 യൂണിറ്റ് വൈദ്യുതി ചാർജ് ചെയ്‌താൽ മൈലേജ്: 350 - 460 കിലോമീറ്റർ
''
ഓലയിലെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായി. ഔദ്യോഗിക അനുമതി ലഭിക്കുന്നത് അനുസരിച്ച് ഉദ്ഘാടനം നടത്തും.
കെ.എസ്. ഷൈജു.
അസി.എൻജിനിയർ, കെ.എസ്.ഇ.ബി