ജില്ലയിൽ സമ്പർക്ക രോഗികൾ വർദ്ധിക്കുന്നു
കൊല്ലം: നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നില്ല. രോഗവ്യാപനത്തിന്റെ കണ്ണികൾ മുറിക്കാനാകാത്തതിനാൽ ഓരോ ദിവസവും സമ്പർക്ക വ്യാപനം കുതിച്ചുയരുകയാണ്. ജില്ലാ ആസ്ഥാനമായ കൊല്ലം നഗരത്തിൽ കൊവിഡ് പടർന്നുപിടിക്കുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
ഓണത്തിന് ശേഷമുള്ള രണ്ട് നാൾ പരിശോധന കുറവായിരുന്നിട്ടും കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ 1,481 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിന് മുൻപുള്ള പത്ത് ദിവസത്തിൽ 1,119 പേരാണ് രോഗബാധിതരായത്. അതിന് മുൻപുള്ള പത്ത് ദിവസത്തിനിടയിൽ 585 പേരിൽ മാത്രമാണ് കൊവിഡ് കണ്ടെത്തിയത്. അടുത്ത പത്ത് ദിവസത്തിനിടയിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം 2,500 കടക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. നേരത്തെ 133 ആയിരുന്നു ജില്ലയിൽ ഒരു ദിവസം സ്ഥിരീകരിച്ച ഏറ്റവും ഉയർന്ന പോസിറ്റീവ് കേസുകളുടെ എണ്ണം. എന്നാൽ ഇത് ഇരുന്നൂറും കടന്ന് ഇപ്പോൾ 328ൽ എത്തി.
രോഗവ്യാപനം വർദ്ധിച്ചതോടെ കഴിഞ്ഞയാഴ്ച ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ഒരു സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും കൂടി പ്രവർത്തനം തുടങ്ങി. നേരത്തെ എട്ടെണ്ണമായിരുന്നു ഉണ്ടായിരുന്നത്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
ആഗസ്റ്റ് 29 മുതൽ സെപ്തംബർ 7 വരെ: 1,481
ആഗസ്റ്റ് 19 മുതൽ 28 വരെ: 1,119
ആഗസ്റ്റ് 9 മുതൽ 18 വരെ: 585
മരണം 26 ആയി
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച പലരുടെയും അന്തിമ പരിശോധനാ ഫലം വരാനുണ്ട്. മരണങ്ങളുടെ എണ്ണത്തിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് ജില്ല. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും അഞ്ചാം സ്ഥാനത്താണ്.
ഇന്നലെ 71 പേർക്ക് കൊവിഡ്
ഇന്നലെ 71 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ വിദേശത്ത് നിന്നും ഒരാൾ അന്യസംസ്ഥാനത്ത് നിന്നും എത്തിയതാണ്. ബാക്കി 67 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ശാസ്താംകോട്ട പള്ളിശേരിൽ കിഴക്ക്, കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര, കരുനാഗപ്പള്ളി പട. നോർത്ത്, ആലപ്പാട് എന്നിവിടങ്ങളിലാണ് ഇന്നലെ കൊവിഡ് കൂടുതൽ സ്ഥിരീകരിച്ചത്. ഇന്നലെ 131 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,671 ആയി.
ചികിത്സ
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ: 138
ജില്ലാ ആശുപത്രിയിൽ: 156
ഫസ്റ്റ്/ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ: 928