കട്ടയിളകി വീണ് കുട്ടിക്ക് പരിക്ക്
കൊല്ലം: ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയിളകി പറന്ന് ലോറിയുടെയും അയൽവീടിന്റെ മുകളിലുമായി പതിച്ചു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം തീരത്ത് നിന്ന് നൂറ് മീറ്റർ അകലെയുള്ള അർച്ചന നഗർ 101ൽ ജോസഫിന്റെ വീടിന്റെ മേൽക്കൂരയാണ് പറന്നുപോയത്. മേൽക്കൂരയോട് ചേർന്നുള്ള കട്ടയിളകി വീണ് ജോസഫിന്റെ രണ്ട് വയസുള്ള കൊച്ചുമകന്റെ തലയ്ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ജോസഫും ഭാര്യയും മരുമകളും കൊച്ചുമകനും മാത്രമാണ് ഉണ്ടായിരുന്നത്. ശക്തമായ കാറ്റിൽ മേൽക്കൂര ഇളകിത്തുടങ്ങിയപ്പോൾ ഇരുമ്പ് കൊണ്ടുള്ള ഉത്തരത്തോട് ചേർന്നുള്ള കട്ടയിളകി രണ്ട് വയസുകാരന്റെ തലയിലേക്ക് വീണു. ഇതോടെ ജോസഫും കുടുംബവും തൊട്ടടുത്ത വീട്ടിലേക്ക് മാറി. തൊട്ടുപിന്നാലെ 400 ചതുരശ്രയടി വിസ്തീർണമുള്ള മേൽക്കൂരയുടെ പകുതി പറന്ന് അയൽപ്പക്കത്തെ വീടിന്റെയും റോഡിൽ പാർക്ക് ചെയ്തിരുന്ന അയൽവാസിയുടെ ലോറിയുടെയും മുകളിലായി പതിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏത് നിമിഷവും പറന്നുപോകുമെന്ന അവസ്ഥയിലായിരുന്ന മേൽക്കൂരയുടെ ബാക്കി ഭാഗവും ഇളക്കിമാറ്റി. തകരം കൊണ്ടുള്ള മേൽക്കൂരയാണ് പതിച്ചതെങ്കിലും ലോറിക്കും അയൽവീടിനും കാര്യമായ കേടുപാട് സംഭവിച്ചില്ല.
മഴയിൽ വീട്ടിലെ ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മേൽക്കൂര തകർന്നയിനത്തിൽ ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ചാമക്കട ഫയർഫോഴ്സ് പറഞ്ഞു. ചാമക്കട സ്റ്റേഷൻ ഓഫീസർ അനന്തു, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ അനീഷ് കുമാർ, ഫയർമാൻമാരായ സാനിഷ്, അരുൺ, അരുൺകുമാർ ഗോപി, സജിത്ത്, നാസിമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.