kollam-corporation

 വായ്പാ തട്ടിപ്പ് മറയ്ക്കാനെന്ന് ആരോപണം

കൊല്ലം: കൗൺസിലിന്റെയോ ധനകാര്യ സ്ഥിരംസമിതിയുടെയോ അനുമതിയില്ലാതെ നഗരസഭ പൊതുമേഖലാ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതായി ആരോപണം. നഗരസഭയിലെ കൊല്ലം കുടുംബശ്രീ സി.ഡി.എസിന് 26.79 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ് അയച്ചിരിക്കുന്ന ബാങ്കിന്റെ കടപ്പാക്കട ശാഖയിൽ തന്നെ അക്കൗണ്ട് തുടങ്ങിയത് ദുരൂഹത ഉയർത്തുന്നു.

ആശ്രാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പേരിലാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. മറ്റൊരു ബാങ്കിലുള്ള നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ പിൻവലിച്ച് പുതിയ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഇത് ബാങ്ക് അധികൃതരെ ജപ്തി നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാനാണെന്നാണ് ആരോപണം.

ഇതിന് മുമ്പ് മറ്റൊരു ബാങ്കിൽ കിടക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പണം ഈ ശാഖയിൽ പുതിയ അക്കൗണ്ട് തുടങ്ങി മാറ്റുന്നത് കൗൺസിലിൽ അജണ്ടയാക്കിയിരുന്നു. എന്നാൽ ഭരണപക്ഷത്ത് നിന്ന് വിയോജിപ്പ് വന്നതോടെ അജണ്ട മാറ്റിവച്ചു. ഇതിന് പിന്നാലെയാണ് അതേ ശാഖയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ അക്കൗണ്ട് തുടങ്ങിയത്. ബാങ്കിന്റെ കടപ്പാക്കടയിലെ ശാഖയോട് നഗരഭരണക്കാരിൽ ചിലർക്കുള്ള പ്രത്യേക താല്പര്യമാണ് ഇത് വ്യക്തമാക്കുന്നത്.

 ജപ്തി നടപടി അറിയാതെ വായ്പയെടുത്തവർ

നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലെ കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് 2006ൽ എടുത്ത 36 ലക്ഷം രൂപയുടെ വായ്പയാണ് ഇപ്പോൾ ജപ്തിയുടെ വക്കിലെത്തിയത്. മൂന്ന് ഡിവിഷനുകളിലെ യൂണിറ്റുകൾ വായ്പ പൂർണമായും അടച്ചുതീർത്തു. രണ്ട് ഡിവിഷനുകളിലെ ചില യൂണിറ്റുകളുടെ വായ്പാ കുടിശികയാണ് 26.79 ലക്ഷത്തിന്റെ ജപ്തിയിലെത്തിയിരിക്കുന്നത്.

എന്നാൽ വായ്പയെടുത്ത കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ഇതുവരെ ജപ്തി നടപടിയുമായി ബന്ധപ്പെട്ട ഒരു അറിയിപ്പുകളും ലഭിച്ചിട്ടില്ല. കുടുംബശ്രീ അംഗങ്ങളിൽ നിന്ന് ഇടനിലക്കാർ തിരിച്ചടവ് തുക വാങ്ങിയ ശേഷം ബാങ്കിലടയ്ക്കാതെ തട്ടിയെടുത്തെന്ന സംശയമുണ്ട്. ഈ വായ്പയുമായി ബന്ധപ്പെട്ട ഫയലുകൾ ഇപ്പോൾ നഗരസഭയിൽ കാണ്മാനുമില്ല. ജപ്തി നോട്ടീസ് വന്നിട്ടും കുടുംബശ്രീ അധികൃതർ വായ്പ എടുത്തവരെ കണ്ടെത്തി വസ്തുത അന്വേഷിക്കാനും തയ്യാറാകുന്നില്ല.

 '' ജപ്തിയിലെത്തിയ വായ്പയുമായി ബന്ധപ്പെട്ട രേഖകളൊന്നും നഗരസഭയിൽ ഇല്ലാത്തതിനാൽ തിരിച്ചടവിൽ വീഴ്ച വരുത്തിയ കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്താനായിട്ടില്ല. താൻ ചുമതലയേൽക്കുമ്പോൾ ഈ വായ്പയും ജപ്തി നോട്ടീസുമായും ബന്ധപ്പെട്ട ഫയലുകൾ കൈമാറി കിട്ടിയതുമില്ല.''

അരുൺസാബു (കുടുംബശ്രീ മെമ്പർ സെക്രട്ടറി, നഗരസഭ)