gun

കുട്ടികൾ സാധാരണ സ്കൂളിൽ പോകുമ്പോൾ എന്തൊക്കെ കൊണ്ടുപോകും..? ബുക്ക്,​ ബാഗ്,​ ഭക്ഷണം ഇതൊക്കയല്ലേ?​ ചിലരൊക്കെ അദ്ധ്യാപകർ കാണാതെ മൊബൈൽ ഫോണോ ,​ ടാബോ ഒക്കെ കൊണ്ടുപോയേക്കാം. ഇതിനപ്പുറം സ്കൂളിൽ പോകുമ്പോൾ കുട്ടികളുടെ കൈയിൽ വേറെന്നുമുണ്ടാകില്ല. എന്നാൽ, അഫ്ഗാനിസ്ഥാനിൽ പാഷായി എന്നൊരു സമുദായമുണ്ട്. അവരുടെ കുട്ടികൾ സ്‌കൂളിൽ വരുന്നത് എകെ 47 യന്ത്രത്തോക്കുകളുമായിട്ടാണ്. അതും ആരും കാണാതെ ഒളിച്ചുംപാത്തുമൊന്നുമല്ല. എല്ലാവരും കാൺകെ പരസ്യമായിട്ട് തന്നെ.

ക്ളാസിൽ കയറിയാൽ തോക്ക് ഇരിപ്പിടത്തിനടുത്തുതന്നെ വിശ്രമിക്കും.വൈകിട്ട് ക്ലാസ് തീരുമ്പോൾ അവർ ആ യന്ത്രത്തോക്കുകൾ എടുത്ത് തോളത്ത് തൂക്കിക്കൊണ്ട് തിരികെ നടക്കും. മുപ്പതു റൗണ്ടുകൾ ലോഡ് ചെയ്തിട്ടുള്ള ഒരു എകെ 47 യന്ത്രത്തോക്കിന് ചുരുങ്ങിയത് അഞ്ചു കിലോയെങ്കിലും ഭാരമുണ്ട്.

അഫ്ഗാനിസ്ഥാനിലെ പാഷായി സമുദായക്കാർക്ക് ഇതൊക്കെ ദൈനംദിന കാഴ്ചകളാണ്. അവരുടെ ജീവിതത്തിന്റെ ഭാഗമാണിത്. ഇവരെ സംബന്ധിച്ചിടത്തോളം തോക്കുകൾ അവരുടെ പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ്. സമുദായത്തിലെ ചില കുടുംബങ്ങൾക്കിടയിൽ ഉടലെടുത്ത കലഹങ്ങളാണ് സ്വന്തം സുരക്ഷയ്ക്കായി തോക്കെടുക്കാൻ പാഷായി സമുദായത്തെ പ്രേരിപ്പിച്ചത്. മുതിർന്നവർ മാത്രമല്ല, ഇവിടെ കുഞ്ഞുങ്ങൾ വരെ യന്ത്രത്തോക്കുകൾ ഉപയോഗിക്കാൻ പരിശീലനം സിദ്ധിച്ചവരാണ്.കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഇന്തോ ആര്യൻ ഗോത്ര വംശമാണ് പാഷായികൾ. ലാഗ്മാൻ, നംഗർഹർ, കപിസ, കുനാർ തുടങ്ങിയ പ്രവിശ്യകളിലായി അഞ്ചുലക്ഷത്തോളം പാഷായികൾ കഴിയുന്നുണ്ട്. സ്വയം പഷ്ത്തൂണികൾ എന്നാണ് അവരിൽ പലരും കരുതുന്നത്. പാഷായികൾ പാർക്കുന്ന തരിശുനിലങ്ങൾ അഫ്ഗാനിസ്ഥാന്റെ പട്ടണങ്ങളിൽ നിന്നൊക്കെ അകലെയാണ്. നല്ലൊരു റോഡോ, വാഹനസർവീസുകളോ അവർക്ക് ലഭ്യമല്ല.