പുനലൂർ: തെന്മല ജംഗ്ഷന് സമീപത്ത് ഇരുമ്പ് ഷീറ്റുകൾ മേഞ്ഞ കൂറ്റൻ ഷെഡുകൾ നാശത്തിന്റെ വക്കിലെത്തിയിട്ടും നടപടികൾ നീണ്ട് പോകുന്നതിൽ പ്രതിഷേധം വ്യാപകം. വനം വകുപ്പിന്റെ നിയന്ത്രണത്തിലുളള കൂപ്പുകളിൽ നിന്നും മുറിക്കുന്ന കാട്ടു തടികൾ മഴ നനഞ്ഞ് നശിക്കാതിരിക്കാൻ 80 വർങ്ങൾക്ക് മുമ്പ് പണിത കൂറ്റൻ ഷെഡുകളാണ് തുരുമ്പ് എടുത്ത് നാശത്തിലേക്ക് നീങ്ങുന്നത്. ഷെഡിൽ സൂക്ഷിച്ചിരിക്കുന്ന മുന്തിയ ഇനം തടികൾ മഴ നനഞ്ഞു നശിച്ച് കൊണ്ടിരിക്കുകയാണ്.തെന്മല ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന് മുന്നിൽ സ്ഥിതി ചെയ്യുന്ന തടി ഡിപ്പോയുടെ പടിഞ്ഞാറ് ഭാഗത്തെ രണ്ട് കൂറ്റൻ ഷെഡുകളുടെ മേൽക്കൂരയാണ് തുരുമ്പ് എടുത്ത് ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്നത്.
തടികൾ മഴയത്ത് നശിക്കുന്നു
പത്ത് വർഷം മുമ്പ് വന മേഖലകളിൽ നിന്നും മരങ്ങൾ മുറിച്ച് നീക്കുന്നതിന് കേന്ദ്ര വന മന്ത്രാലം നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഷെഡുകൾ നാശത്തിലേക്ക് നീങ്ങാൻ മുഖ്യകാരണം. എന്നാൽ പുനലൂർ ,പത്തനാപുരം താലൂക്കുകളിലെ തേക്ക് പ്ലാൻേറഷനുകളിൽ നിന്നും മുറിക്കുന്ന വിവിധയിനം തേക്കും കഴകളും, തടികളിൽ ഏറെയും മഴ നനയാതെ സൂക്ഷിച്ച് വരുന്നത് തെന്മലയിലെ ചോർന്ന് ഒലിക്കുന്ന ഷെഡുകളിലാണ്. ഇവിടെ വച്ചാണ് തടികളും, തേക്കും കഴകളും വനം വകുപ്പ് ലേലം ചെയ്തു നൽകുന്നത്. എന്നാൽ ലേല നടപടികൾ നീണ്ട് പോകുകയോ, ലേലം കൊള്ളാൻ കരാറുകാർ ഇല്ലാതെ വരുകയോ ചെയ്താൽ മാസങ്ങളോളം തടികൾ മഴയത്ത് ഷെഡിൽ കിടന്ന് നനഞ്ഞ് നശിക്കും.
നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി
കഴിഞ്ഞ വർഷം തെന്മലയിൽ താത്ക്കാലികമായി ആരംഭിച്ച പാൽ പരിശോധന ചെക്ക് പോസ്റ്റിന്റെ സമർപ്പണ ചടങ്ങ് ഇതിലെ ഒരു ഷെഡിൽ വച്ചായിരുന്നു നടത്തിയത്. ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി കെ.രാജുവിനോട് ഷെഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നാട്ടുകാർ ധരിപ്പിച്ചിരുന്നു. രണ്ട് ഷെഡുകളും നവീകരിച്ച് മോടി പിടിപ്പിക്കുമെന്നും കുടുംബശ്രീകൾക്ക് വിപണന ശാലകൾ നടത്താനും വിവാഹങ്ങൾ ഉൾപ്പടെയുളള പൊതു ചടങ്ങുകൾക്ക് മിതമായ വാടകക്ക് നൽകാൻ അതുപകരിക്കുമെന്നും മന്ത്രി അന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാൽ
ഒരു നടപടിയുമുണ്ടായില്ല.