ഹോട്ടലിൽ ചെന്നാൽ സംസാരിക്കരുതെന്ന് പറഞ്ഞാൽ പറ്റുമോ? പിന്നെങ്ങനെ ഭക്ഷണം ഓർഡർ ചെയ്യും?മാത്രമല്ല, ഒരു കോഫിയോടൊപ്പം അല്പം സംസാരമാകാം എന്ന് പറഞ്ഞ് വരുന്നവരുമുണ്ട്.
അതൊക്കെ ശരി തന്നെ, അതൊക്കെ മറ്റേതെങ്കിലും ഹോട്ടലിൽ ആയിക്കോ, ഇവിടെ അത് പറ്റില്ല. ഈ ഹോട്ടലിൽ എത്തിയാൽ ആരും സംസാരിക്കാൻ പാടില്ല. ആഹാരം ഓർഡർ ചെയ്യേണ്ടതും ആശയ വിനിമയം നടത്തേണ്ടതുമെല്ലാം ആംഗ്യ ഭാഷയിൽ മാത്രം.
ലോകത്തെ വലിയ ഫുഡ് ചെയിൻ ശൃംഖലയായ സ്റ്റാർബക്സിന്റെ സൈലന്റ് കഫെയിൽ ഇതൊക്കെയാണ് നിയമങ്ങൾ. ചൈനയിലെ ഗ്വാഞ്ചു നഗരത്തിലാണ് ഈ കഫേയുള്ളത്. ചൈനയിൽ സ്റ്റാർബക്സിനു മൊത്തം 3800 സ്റ്റോറുകൾ ഉണ്ട്.എന്നാൽ സൈലന്റ് കഫേ ആദ്യത്തേതാണ്. മലേഷ്യയിലും വാഷിംഗ്ടൺ ഡി .സിയിലും ഇത്തരത്തിലുള്ള നിശബ്ദ കഫേകൾ സ്റ്റാർബക്സ് തുടങ്ങിയത് വളരെയേറെ പ്രശംസകൾ നേടിയെടുത്തിരുന്നു.
ഈ ഹോട്ടലിൽ ജോലി ചെയ്യുന്ന 30 പേരിൽ 14 പേർക്കും കേൾവി ശക്തി ഇല്ല.ആറ് പേർക്ക് സംസാരശേഷിയില്ല.സംസാരശേഷിയില്ലാത്ത കേൾക്കാനും സംസാരിക്കാനും കഴിവില്ലാത്ത അവരുടെ ഭാഷ ലോകം മനസിലാക്കണം എന്ന ലക്ഷ്യത്തോടെയാണ് കമ്പനി സൈലന്റ് കഫേകൾ ആരംഭിച്ചിരിക്കുന്നത്. ഹോട്ടലിലെ ഭിത്തികളിൽ വേറിട്ട ഇന്റീരിയർ വഴി സൈലന്റ് ലാംഗ്വേജുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. രസകരമായ രീതിയിലാണ് ഇവിടെ ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്.
കസ്റ്റമർ ജോലിക്കാരോട് സംസാരിക്കാതെ തന്നെ ആഹാരം ഓർഡർ ചെയ്യേണ്ടതാണ്. ഡ്രിങ്ക്സ്, ജ്യൂസ്, ഐസ്‌ക്രീം എന്നിവയ്ക്ക് നമ്പറുകളാണ് നൽകിയിരിക്കുന്നത്.എന്തെങ്കിലും സംശയം തോന്നിയാൽ മേശപ്പുറത്തുള്ള നോട്ട്പാഡിൽ അവ എഴുതി നൽകിയാൽ മതിയാകും. വെയിറ്റർമാരും കസ്റ്റമറും തമ്മിൽ ഡിജിറ്റൽ കമ്യൂണിക്കേഷൻ സൗകര്യമുണ്ട്. സ്റ്റാർബക്സ് കമ്പനി മറ്റൊന്നു കൂടി ഇവിടെ ചെയ്തിട്ടുണ്ട്. കേൾക്കാനും സംസാരിക്കാനും കഴിവില്ലാത്തവരുമായി സംവദിക്കാനുള്ള സൈൻ ലാംഗ്വേജ് പഠിപ്പിക്കുന്ന ഒരു സ്ഥാപനം കൂടി ഗ്വാഞ്ചു പ്രവാസികളെ ലക്ഷ്യമിട്ട് തുടങ്ങിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. ലോകത്ത് പല ഭാഗത്തുനിന്നും വലിയ പ്രോത്സാഹനവും പ്രശംസകളുമാണ് കമ്പനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.