തൊടിയൂർ: കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ലക്ഷണങ്ങളില്ലാതെ കൊവിഡ് പോസിറ്റീവാകുന്നവരെ വീട്ടിൽ ചികിത്സിക്കുന്ന പദ്ധതിതൊടിയൂർ പഞ്ചായത്തിൽ നടപ്പിലായി. ഒരു വീട്ടിലെ മൂന്നു പേർക്കാണ് വീട്ടിൽത്തന്നെ ചികിത്സ നൽകുന്നത്. ജില്ലാകളക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും നിർദ്ദേശപ്രകാരം തൊടിയൂർ പി. എച്ച് .സി മെഡിക്കൽ ഓഫീസർ ഡോ.ഷെറിനാണ് ഇങ്ങനെ ചികിത്സ നൽകാൻ തീരുമാനിച്ചത്.അകാരണമായ ഭയവും തെറ്റിദ്ധാരണയും ഒഴിവാക്കുന്നതിനും കൊവിഡ് പോസിറ്റീവാകുന്നവരോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ രീതി ആവിഷ്ക്കരിച്ചത്.ചികിത്സക്കായി രോഗികളുടെ സമ്മതപത്രം എഴുതി വാങ്ങിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ശ്വാസഗതി, പൾസ് , ഓക്സിജൻലെവൽ തുടങ്ങിയവ എല്ലാ ദിവസവും മൂന്നു പ്രാവശ്യം വീഡിയോ കോൺഫറൻസ് വഴി ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ, ജൂനിയർ പബ്ളിക്‌ ഹെൽത്ത് നഴ്സ് എന്നിവരെ മെഡിക്കൽ ഓഫീസർ അറിയിക്കും.ഈ ടീം രോഗികളെ സൂഷ്മമായി നിരീക്ഷിക്കും. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യപരിശോധന നടത്തി പത്താം ദിവസം സി .എഫ് എൽ .സിയിൽ രോഗിയെ എത്തിച്ച് സ്രവ പരിശോധന നടത്തും.പരിശോധനഫലം നെഗറ്റീവായാൽ ചികിത്സയിൽ നിന്ന് ഒഴിവാക്കുകയും ഏഴു ദിവസം ക്വാറന്റൈൻ നിർദ്ദേശിക്കുകയും ചെയ്യും.