photo
തുറയിൽകുന്ന് കയർ സംഘത്തിൽ സ്ഥാപിച്ച ആട്ടോമാര്റിക് സ്പിന്നിംഗ് മെഷീൻ.

കരുനാഗപ്പള്ളി: കേരളത്തിലെ പരമ്പരാഗത കയർ വ്യവസായത്തിന് പുതുജീവൻ നൽകികൊണ്ട് സർക്കാർ നടപ്പാക്കുന്ന രണ്ടാം കയർ പുനസംഘടനാ പദ്ധതി ശ്രദ്ധേയമാകുന്നു. പരമ്പരാഗത രീതിയിൽ നിന്നും ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനിലേക്കുള്ള മാറ്റമാണ് കയർ വ്യവസായത്തിന് പുതുജീവൻ നൽകുന്നത്. മനുഷ്യരുടെ പ്രയത്നം കുറച്ചുകൊണ്ട് കയർ ഉത്പ്പാദന രംഗത്ത് വൻ കുതിച്ച് ചാട്ടം നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

1000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ

കേരളത്തിൽ 1000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ സഹകരണ സംഘങ്ങളിൽ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കറന്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഷീനിൽ 1.5 കുതിര ശക്തിയുള്ള മോട്ടറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. എസ്.എസ്.എ രജിസ്ട്രേഷൻ ഉള്ള കയർ സഹകരണ സംഘങ്ങൾക്ക് കറന്റിന് സബ്സിഡി ലഭിക്കുന്നതാണ്.

തൊഴിലാളികൾക്ക് അദ്ധ്വാനമില്ല

സാധാരണ റാട്ടിൽ കയർ| പിരിക്കുന്നതിന് മൂന്ന് തൊഴിലാളികൾ ആവശ്യമുണ്ടെങ്കിൽ പുതിയ സംവിധാനത്തിൽ കയർ പിരിക്കാൻ ഒരു തൊഴിലാളി മതി. മെഷീൻ വഴി എടുക്കുന്ന ചകിരി ഓട്ടോമാറ്റിക്ക് മെഷീനോട് ഘടിപ്പിച്ചിട്ടുള്ള ഫ്ലാറ്റ്ഫോമിലേക്ക് വെച്ച് കൊടുത്താൽ ചകിരി യന്ത്രത്തിന്റെ ഉള്ളിലേക്ക് പോയി കയറായി പുറത്തു വന്ന് ബോബനിൽ ചുറ്റും. തൊഴിലാളികൾക്ക് വലിയ അദ്ധ്വാനം ഇല്ലാതെ തന്നെ കയർ ഉത്പ്പാദിപ്പിക്കാനാകും.

ഒരു തൊഴിലാളി ഒരു ദിവസം മിനിമം 50 കിലോഗ്രാം കയർ ഉത്പ്പാദിപ്പിക്കണം. ഇതിൽ കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന തൊഴിലാളികളും ഉണ്ട്. നിലവിൽ ഒരു തൊഴിലാളിക്ക് 350 രൂപയാണ് കൂലി. ഇതിൽ 110 രൂപാ സർക്കാരും 240 രൂപാ സംഘവുമാണ് നൽകുന്നത്. ഓട്ടോമാറ്രിക്ക് സ്പിന്നിംഗ് മെഷീൻ ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന കയറിന്റെ കൂലി നിശ്ചയിച്ചിട്ടില്ല. സംഘങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ചകിരി കയർഫെഡാണ് നൽകുന്നത്. കയർ ഉത്പ്പാദിപ്പിച്ച് കയർ ഫെഡിന് നൽകുമ്പോൾ ചകിരിയുടെ വിലകഴിച്ചുള്ള പണം സംഘത്തിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. സംഘങ്ങളുടെ പ്രവർത്തനം കാര്യക്ഷമമായി കൊണ്ട് പോകാൻ ഈ സംവിധാനം ഉപകരിക്കും.

പുതിയ സംവിധാനം നടപ്പാക്കി

കരുനാഗപ്പള്ളി കയർ ഇൻസ്പെക്ടർ ഓഫീസിന്റെ പരിധിയിൽ 14 കയർ സംഘങ്ങളാണ് ഉള്ളത്. ഇതിൽ 6 സംഘങ്ങളിൽ പുതിയ സംവിധാനം നടപ്പാക്കി കഴിഞ്ഞു. ക്ലാപ്പന നോർത്ത്, കൊറ്റംമ്പള്ളി നവോദയ, പ്രയാർ സൗത്ത്, ആദിനാട് നോർത്ത്, ആലപ്പാട് മണ്ണേൽകടവ്, പുതുമണ്ണേൽകടവ് എന്നീ സംഘങ്ങളിൽ 70 യന്ത്രവത്കൃത സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചു കഴിഞ്ഞു. താമസിക്കാതെ മറ്റുള്ള സംഘങ്ങളിലും ഓട്ടോമാറ്രിക്ക് സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

കയർ വ്യവസായ രംഗത്ത് മെഷീൻ സംവിധാനം ഏർപ്പെടുത്തിയതോടെ പുതിയ തലമുറ കയർ വ്യവസായത്തിലേക്ക് കടന്ന് വരുന്നു.ആകർഷകമായി കൂലിയും ലഭിക്കുന്നു. ഫാക്ടറി തൊഴിലാളികൾക്കെന്നതുപോലെ കയർ തൊഴിലാളികൾക്കും യൂണിഫോം സമ്പ്രദായം നിലവിൽ വന്നു. മനുഷ്യാദ്ധ്വാനം കുറച്ച് ഉത്പ്പാദനത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ പുതിയ സംരംഭത്തിന് കഴിയും.

പി.പുഷ്പരാജൻ, അഡ്മിനിട്രേറ്റർ, തുറയിൽകുന്ന് കയർ സഹകരണ സംഘം