കൊട്ടാരക്കര: പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കുട്ടികൾ തെരഞ്ഞെടുക്കുന്ന അദ്ധ്യാപകർക്ക് നൽകുന്ന ഗുരുനന്മ പുരസ്കാരം പുത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ എ.ആർ.അരുൺകുമാറിന് സമ്മാനിച്ചു. മുൻ പുരസ്കാര ജേതാവ് ജസീന റഹീം പുരസ്കാര സമർപ്പണം നടത്തി. പെരുംകുളം ഗവ.പി.വി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സുബൈർ മുസലിയാർ അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് പെരുംകുളം രാജീവ്, രാജൻബോധി, ഷീല, സി.രാജ് കിഷോർ, ജെ.ശ്രീജിത്ത്, കെ.ആദിച്ചൻ, കെ.ഗോപാലൻ, കെ.ഗോപാലകൃഷ്ണ പിള്ള, പെരുംകുളം രമേശ്, എ.പി.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.